Kollam General Election Result 2019
കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരം വീട്ടുകയാണ് സിപിഎം കൊല്ലം മണ്ഡലത്തില്‍ ഇത്തവണ ലക്ഷ്യം വച്ചിട്ടുള്ളത്. യുഡിഎഫിനായി ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രനാണ് കൊല്ലം മണ്ഡലത്തില്‍ നിന്ന് 2014 ല്‍ പാര്‍ലമെന്റിലെത്തിയത്.
ഇടതു മുന്നണിയില്‍ നിന്ന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വഴക്കിട്ട് ഇറങ്ങിവന്ന പ്രേമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ഥിയായി. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം ഉന്നയിച്ച് ഇടത് മുന്നണി കളം നിറഞ്ഞു. എം.എ.ബേബിയെ പോലൊരു ശക്തനായ നേതാവിനെയാണ് പ്രേമചന്ദ്രനെതിരെ സിപിഎം രംഗത്തിറക്കിയത്. എന്നാല്‍, ഫലം വന്നപ്പോള്‍ ബേബിയും സിപിഎമ്മും നാണംകെട്ടു. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന് കൊല്ലത്ത് നിന്ന് ജയിച്ചത്. 2014 ന് പകരംവീട്ടുകയാണ് ഇത്തവണ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. യുഡിഎഫിനായി എന്‍.കെ.പ്രേമചന്ദ്രന് തന്നെയാണ് മത്സരരംഗത്ത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയുടെ താഴെതട്ടില്‍ വരെ സ്വാധീനമുള്ള കെ.എന്‍.ബാലഗോപാലിനെയാണ് സിപിഎം പ്രേമചന്ദ്രനെതിരെ കളത്തിലിറക്കിയിരിക്കുന്നത്. രാജ്യസഭാ മുന്‍ എംപി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള നേതാവാണ് ബാലഗോപാല്‍. എന്നാല്‍, എന്‍.കെ.പ്രേമചന്ദ്രന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമുണ്ട്. പ്രേമചന്ദ്രന്റെ ജനകീയ മുഖമാണ് സിപിഎമ്മിനും ബാലഗോപാലിനും ഏറ്റവും വലിയ വെല്ലുവിളി. ബിജെപിയുടെ സാബു വര്‍ഗീസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ ബിജെപി വോട്ടുകളായിരിക്കും വിജയിയെ തീരുമാനിക്കുക. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ആകെയുള്ളത് ഏഴ് നിയമസഭാ മണ്ഡലങ്ങളാണ്. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഒരു സീറ്റ് പോലും യുഡിഎഫിന് ലഭിച്ചില്ല. 1,76,040 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 2016 ല്‍ എല്‍ഡിഎഫിന് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്ക്കും. 2014 ലെ വോട്ടുനില എന്‍.കെ.പ്രേമചന്ദ്രന് (ആര്‍എസ്പി)- 4,08,528 എം.എ.ബേബി (സിപിഎം)- 3,70,879 പി.എം.വേലായുധന് (ബിജെപി)- 58,671
Read more