ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ പോളിങ് നടക്കുന്നത്. ഇതോടൊപ്പം തന്നെ കേരളത്തിലെ ഏഴ് ബൂത്തുകളിൽ റിപോളിങ്ങും നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസിയാണ് ഏഴാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളിൽ ഒന്ന്. നാളത്തെ പോളിങ് കൂടി അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിക്കും. മേയ് 23നാണ് ഫലപ്രഖ്യാപനം.

എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ബിഹാറിലെ എട്ട് മണ്ഡലങ്ങൾ, ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങൾ, ഹിമചാൽ പ്രദേശിലെ നാല് മണ്ഡലങ്ങൾ, മധ്യപ്രദേശിലെ എട്ട് മണ്ഡലങ്ങൾ, പഞ്ചാബിലെ 13 മണ്ഡലങ്ങൾ, പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ, ഛണ്ഡിഘട്ടിലെ ഒരു മണ്ഡലം എന്നിവയാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

പശ്ചിമ ബംഗാളാണ് ഏഴാം ഘട്ടത്തിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനം. അവസാന ഘട്ടത്തിൽ പ്രചരണം അവസാനിക്കുന്നതിന് മുമ്പ് കൊൽക്കത്തയിൽ നടന്ന അക്രമണ സംഭവങ്ങളാണ് ഇതിന് പ്രധാന കാരണം. മോദി – ദീദി വാക്പോരും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ വാരണാസിക്ക് പുറമെ ഗോരഖ്പൂരിലും തിരഞ്ഞെടുപ്പ് നടക്കുന്നത് നാളെയാണ്. ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയോജകമണ്ഡലം കൂടിയാണ് ഇത്. സണ്ണി ഡിയോളാണ് ഏഴാം ഘട്ടത്തിലെ വിഐപി സ്ഥാനാർത്ഥികളിൽ ഒരാൾ. പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നാണ് താരം മത്സരിക്കുന്നത്.

കേരളത്തിലെ ഏഴ് ബൂത്തുകളിൽ നാളെ റീപോളിങ്ങും നടക്കും. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ഇതില്‍ കല്യാശ്ശേരിയിലെ മൂന്നുബൂത്തുകള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലാണ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.