‘ക്രമക്കേട് ഉണ്ടെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണണം’; പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ജനഹിതം മാനിക്കണമെന്നും അതില്‍ ക്രമക്കേടുകള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അടക്കമുള്ള 22 പാര്‍ട്ടികളിലെ പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടുകളും നൂറ് ശതമാനം പൊരുത്തപ്പെടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഓരോ നിയോജക മണ്ഡലങ്ങളിലെയും അഞ്ച് വീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് ഇവിഎമ്മിലെ (വോട്ടിങ് യന്ത്രം) വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് വേണമെന്നും അവസാന റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം വിവിപാറ്റുകള്‍ എണ്ണുന്നത് അനുവദിക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

Read More: ‘സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെ’; വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രിംകോടതി തളളി

വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ ആദ്യം എണ്ണണം. ഇതില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ വരികയാണെങ്കില്‍ ആ നിയോക മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങള്‍ നാളെ ചര്‍ച്ച ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യങ്ങള്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Read More: വിവിപാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തളളി

ജനഹിതം മാനിക്കണമെന്നും അതില്‍ ക്രമക്കേടുകള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. മേയ് 23 ന് വോട്ടെണ്ണല്‍ ദിവസം വിവിപാറ്റ് മെഷീനുകളിലെ എല്ലാ രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ സാങ്കേതിര വിദഗ്ധരുടെ സംഘടന നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

Read More Election News

50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: 22 opposition leaders meet ec vvpat voting machine lok sabha election

Next Story
Lok Sabha Election 2019: പാക്കിസ്ഥാനായ വയനാട്, മല കയറിയ വിശ്വാസം; അമിത് ഷാ പറഞ്ഞത്Amit Shah Statements in Election 2019, Modi Speech in Election 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com