/indian-express-malayalam/media/media_files/uploads/2019/03/Congress-Flag.jpg)
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 14-ാം സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി 31 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത വയനാടും വടകരയും 14-ാം പട്ടികയിലും ഇടം പിടിച്ചില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വയനാട് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നത്. എന്നാല്‍, വടകരയിലെ സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read More: രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന് സൂചന; തീരുമാനം ഉടൻ
കഴിഞ്ഞ ദിവസം ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ല. വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. വയനാട് ഡിസിസിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ അതൃപ്തിയുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് മണ്ഡലത്തിലെ വിജയത്തെ ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ കേരളത്തില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച കെപിസിസി നേതാക്കളും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. രാഹുല്‍ വരാനുള്ള സാധ്യതകള്‍ മങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടതായാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മർദം ചെലുത്തിയതായാണ് സൂചന. കേരളത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ശരദ് പവാര്‍ പറയുന്നത്. അതേസമയം, ബിജെപി മുഖ്യ എതിരാളിയായ കര്‍ണാടകത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന നിലപാടാണ് ശരദ് പവാറിനുള്ളത്. ഹൈക്കമാന്‍ഡ് നേതാക്കളെ ശരദ് പവാര്‍ ഇക്കാര്യം അറിയിച്ചതായും സൂചനയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.