തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. പാവപ്പെട്ട കുട്ടികള്‍ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാവി എന്ന് പറയുമ്പോള്‍, വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഒരു ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ പാടില്ല. അതിനാവശ്യമായ കരുതല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അതിനാവശ്യമായ നടപടികള്‍ വിവിധ സ്രോതസുകളെ സമാഹരിക്കാന്‍ പറ്റും.
ആ സ്രോതസുകളെ എല്ലാം ഒന്നിച്ച് നിര്‍ത്തിക്കൊണ്ട് നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്രശ്നം രണ്ട് മൂന്ന് തരത്തിലാണ്. നമ്മുടെ സംസ്ഥാനത്തെ കുട്ടികളില്‍ ഒരു വിഭാഗം ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഉപകരണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്.
ഒന്നാം തരംഗം വന്നപ്പോള്‍ ആരു പറഞ്ഞില്ല രണ്ടാം തരംഗം ഉണ്ടാകുമെന്ന്. നമ്മള് ഇപ്പോള്‍ മൂന്നാം തരംഗത്തിന് തയാറെടുക്കുകയാണ്. കോവിഡ് കുറച്ചു കാലം നമ്മുടെ കൂടെയുണ്ടാകും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്ര വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. പാഠപുസ്തകങ്ങള്‍ പോലെ വിദ്യാര്‍ഥികളുടെ പക്കല്‍ ഡിജിറ്റല്‍ ഉപകരണം ഉണ്ടാകുക എന്നത് പ്രധാനമാണ്.
Also Read: ഇന്റർനെറ്റ് ശൃംഖലയില്ലാത്ത ഗ്രാമം, ക്ലാസിനായി അധ്യാപകനും വിദ്യാർഥികളും കുന്നിൻ മുകളിൽ
വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കായി വിവിധ സ്രോതസുകളെ ഉപയോഗിച്ച് സഹായം നടപ്പാക്കാന്‍ തന്നെയാണ് തീരുമാനം. നമ്മുടെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കണക്ടിവിറ്റിയുടെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എങ്ങനെ കണക്ടിവിറ്റി എത്തിക്കാമെന്നത് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്. ആദിവാസി മേഖലയ്ക്കാണ് പ്രാധാന്യം. എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ്.
ഇതിനായി വിവിധ മേഖലയുടെ സഹായങ്ങള്‍ ആവശ്യമാണ്.ഒന്ന് കെ.എസ്.ഇ.ബിയുടെ ലൈന്‍ പോയിട്ടുണ്ടാകും.വിവിധ സ്ഥലങ്ങളില്‍ കേബിള്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ സഹായം സ്വീകരിച്ചുകൊണ്ട് നെറ്റ്വര്‍ക്ക് കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഇന്റര്‍നെറ്റ് നിരക്ക് പരിശോധിക്കും. പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.