CBSE Class 12 Board Exam Result: ഈ വർഷം ഏകദേശം 16.9 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലത്തിനായ് കാത്തിരിക്കുന്നത്. ഇതുവരെ, ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും സിബിഎസ്ഇ അറിയിച്ചിട്ടില്ല. ഫലം പ്രസിദ്ധീകരിച്ചാൽ cbse.nic.in, cbseresults.nic.in, cbseresults.gov.in and cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് പരിശോധിക്കാം.
ഈ വർഷം ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടന്നത്. മൂന്നു മണിക്കൂറായിരുന്നു (രാവിലെ 10.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെ) പരീക്ഷാ സമയം.
കഴിഞ്ഞ ഏതാനും വർഷങ്ങൾ പരിശോധിച്ചാൽ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ സിബിഎസ്ഇയ്ക്ക് ഒരു മാസമെങ്കിലും വേണ്ടിവന്നിരുന്നു. ഇത് കോവിഡിനു മുൻപായിരുന്നു. 2018 ൽ മാർച്ച് 5 മുതൽ ഏപ്രിൽ 12 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷാഫലം 43 ദിവസങ്ങൾ കഴിഞ്ഞ് മേയ് 26 ന് പ്രസിദ്ധീകരിച്ചു.
2019ൽ പരീക്ഷാ ഫലം വളരെ നേരത്തെ പ്രസിദ്ധീകരിച്ചു. 2018 ൽ പരീക്ഷാഫലത്തിനായ് 43 ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നപ്പോൾ, 2019 ൽ 28 ദിവസങ്ങൾ മാത്രമേ എടുത്തുള്ളൂ. ഏപ്രിൽ മൂന്നിന് പരീക്ഷ കഴിഞ്ഞപ്പോൾ മേയ് രണ്ടിന് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

2020 ൽ കോവിഡ് മഹാമാരി കാരണം പരീക്ഷകൾ നീട്ടിവച്ചുവെങ്കിലും പിന്നീട് റദ്ദാക്കി. വിവിധ സംസ്ഥാന സർക്കാരുകളിൽനിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് സിബിഎസ്ഇ പരീക്ഷകൾ ഒഴിവാക്കിയത്. സുപ്രീം കോടതിയുടെ വിചാരണയിലാണ് പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം ആദ്യം വെളിപ്പെടുത്തിയത്. അതിനാൽ, ഇന്റേണൽ അസസ്‌മെന്റ് സ്കീമിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത്. കോവിഡ് കാലത്ത് ജൂലൈ 13 നാണ് ഫലം പ്രസിദ്ധീകരിച്ചത്.
2021 ലും കോവിഡിനെ തുടർന്ന് പരീക്ഷകൾ ഒഴിവാക്കി. ജൂലൈ 30 നാണ് ഫലം പ്രസിദ്ധീകരിച്ചത്. 2020-നും 2021-നും ഇടയിൽ, 12-ാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ 17 ദിവസത്തെ വ്യത്യാസമുണ്ട്. 2021-ൽ 12-ാം ക്ലാസ് ഫലം തയ്യാറാക്കാൻ ബോർഡ് 13 അംഗ കമ്മിറ്റി രൂപീകരിച്ചു.
2022 ൽ രണ്ടു ടേമുകളായിട്ടാണ് പരീക്ഷ നടന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ ആദ്യ ടമും 2023 മേയ്-ജൂൺ മാസങ്ങളിൽ രണ്ടാമത്തെ ടേമും നടന്നു. 41 ദിവസങ്ങൾക്കുശേഷം ജൂലൈ 26 ന് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചു.