scorecardresearch
Latest News

പത്താംക്ലാസ് കഴിഞ്ഞാൽ പിന്നെന്ത്; പ്ലസ് ടു മാത്രമല്ല, പഠിക്കാൻ വേറെയുമുണ്ട് കോഴ്സുകൾ

പല കോഴ്സുകളെക്കുറിച്ചും നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ചിലപ്പോൾ അറിവുണ്ടായിരിക്കില്ല. ഇത്തരത്തിലുള്ള വിവിധ കോഴ്സുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്

study, students, ie malayalam
പ്രതീകാത്മക ചിത്രം

പത്താം ക്ലാസ് ഫലം അറിഞ്ഞാൽ പിന്നെ, ഇനി അടുത്ത് എന്ത് പഠിക്കണമെന്ന ആശയക്കുഴപ്പം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇപ്പോഴും മാറിയിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് ടുവാണ് ഒട്ടുമിക്ക പേരുടെയും മുന്നിലുള്ള ആദ്യത്തെ ഓപ്ഷൻ. അതിൽ തന്നെ പ്ലസ് ടുവിന് സയൻസ് എടുക്കണോ, അതല്ല കൊമേഴ്സോ ഹ്യുമാനിറ്റീസോ എടുക്കണോ? തുടങ്ങിയ കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഏതു വിഷയമായാലും കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ. എങ്കിൽ മാത്രമേ, കുട്ടിക്ക് പഠനത്തോട് ഇഷ്ടം തോന്നുകയുള്ളൂ.

പത്താം ക്ലാസ് കഴിഞ്ഞാൽ തിരഞ്ഞെടുക്കാൻ പ്ലസ് ടു മാത്രമല്ല, മറ്റു നിരവധി കോഴ്സുകളുമുണ്ട്. ഇവയിൽ പല കോഴ്സുകളെക്കുറിച്ചും നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ചിലപ്പോൾ അറിവുണ്ടായിരിക്കില്ല. ഇത്തരത്തിലുള്ള വിവിധ കോഴ്സുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

ഹയർ സെക്കൻഡറി

ഹയർ സെക്കൻഡറിയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ മൂന്നു മേഖലകളാണുള്ളത്.

സയൻസ്

ഹയർ സെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത് സയൻസ് ആണ്. വളരെ സാധ്യതകളുള്ള മേഖലയായതിനാലാണ്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായത് സയൻസാണ്. നീറ്റ് പോലുള്ള പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർ, പാരമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ് കോഴ്സുകൾ, ബിഎസ്‌സി നഴ്സിങ്, ബിഫാം കോഴ്സുകൾ തുടങ്ങിയവ ചെയ്യാൻ ആഗ്രഹിക്കുന്നവർ സയൻസ് തിരഞ്ഞെടുക്കണം.

സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണുള്ളത്. മെഡിക്കൽ രംഗം ഉപരിപഠനം ആയി ആഗ്രഹിക്കുന്നവർ ബയോളജി നിർബന്ധമായും കോഴ്സിൽ ഉൾപ്പെടുത്തണം.

കൊമേഴ്സ്

ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ കൊമേഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത്. സയൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുട്ടികൾ ആഗ്രഹിക്കുന്നത് കൊമേഴ്സ് ആണ്. കൊമേഴ്സ് തിരഞ്ഞെടുത്താൽ ചാർട്ടേഡ് അക്കൗണ്ടന്റ് (CA), കമ്പനി സെക്രട്ടറി, ബാങ്കിങ് മേഖല, നിക്ഷേപ മേഖല, മറ്റ് ധനകാര്യ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും.

ഹ്യുമാനിറ്റീസ്

ഹ്യുമാനിറ്റീസിലെ വിഷയങ്ങളായ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി ഒക്കെ സബ്ജക്ടായി എടുത്ത് ഡിഗ്രിക്ക് പോകാവുന്നതാണ്. സിവിൽ സർവീസിനോ ഇന്റർനാഷണൽ ഡിപ്ലോമാറ്റിക് കരിയറിനോ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കാം. സിവിൽ സർവീസ് പരീക്ഷയ്ക്ക് കൂടുതൽ സഹായകമാവുക ഹ്യുമാനിറ്റീസ് വിഷയങ്ങളാണ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി

തൊഴിലധിഷ്ഠിതമായ നിരവധി കോഴ്സുകൾ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലുണ്ട്. ഇതിന്റെ കൂടെ പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. സയന്‍സില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് തുടങ്ങിയ വിഷയങ്ങളും, കൊമേഴ്‌സില്‍ അക്കൗണ്ടന്‍സി, ബിസിനസ്, ഇക്കണോമിക്‌സ് , സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവയും, സോഷ്യോളജി, ഹിസ്റ്ററി ,ഇംഗ്ലീഷ്, ജ്യോഗ്രഫി തുടങ്ങിയവ ഹ്യുമാനിറ്റീസ് എന്ന വിഭാഗത്തിലും പഠിക്കാന്‍ ഉണ്ടാവും. ഇതിനോടൊപ്പം തന്നെയാണ് ഒരു വൊക്കേഷണല്‍ വിഷയവും പഠിക്കേണ്ടത്.

സാങ്കേതിക പഠനം

പത്താം ക്ലാസ് കഴിഞ്ഞാൽ സാങ്കേതിക പഠനം ആഗ്രഹിക്കുന്നവർക്കുള്ളതാണ് പോളിടെക്‌നിക് കോളേജുകളിലെ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ (www. polyadmission.org). പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എൻജിനീയറിങ് ഡിഗ്രി പ്രവേശനം തേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേഴ്സ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്‌നിക്കുകളിൽ അവസരങ്ങളുണ്ട്. ഐഎച്ച്ആർഡിക്ക് കീഴിലുള്ള മോഡൽ പോളിടെക്‌നിക് കോളേജുകളിലും ഡിപ്ലോമ പഠനത്തിനായി നോക്കാം. (http:// ihrd.ac.in/index.php/modelpolytechniccollege)

ഹോട്ടല്‍ മാനേജ്‌മെന്റ്‌

മാനേജ്‌മെന്റ് വിഭാഗം നല്ല ഒരു അവസരമാണ്. ഫ്രണ്ട്ഓഫീസ് ഓപറേഷന്‍, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആൻഡ് ടെക്‌നോളജി (സിപറ്റ്) എ സ്ഥാപനത്തിലെ പ്ലാസ്റ്റിക് മോള്‍ടിങ് ടെക്‌നോളജി പോലത്തെ കോഴ്‌സുകള്‍ പത്ത് കഴിഞ്ഞവര്‍ക്കുള്ള ഒരു മികവുറ്റ ശാഖയാണ്.

ഐടിഐ , ഐടിസി

ഐടിഐ, ഐടിസി വിഭാഗം വേറിട്ട പഠന രീതിയാണ്. സാങ്കേതിക നൈപുണ്യം ഉള്ളവര്‍ക്ക് കുറഞ്ഞ കാലം കൊണ്ട് വളരെ നല്ല ജോലിക്ക് ഈ പഠനം സഹായിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകളുണ്ട്. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. (http:// dtekerala.gov.in).

കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ (https://www. cipet.gov.in/).

എൻടിടിഎഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ (https://www. ntttfrg.com/).

കണ്ണൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്‌സുകൾ (http:// iihtkannur.ac.in).

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള CIFNETന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്‌സുകൾ (https:// cifnet.gov.in/).

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്. (www. dtekerala.gov.in)

പാരാമെഡിക്കൽ കോഴ്‌സുകൾ

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി) കോഴ്സിന് പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാം. എൽബിഎസ് വഴിയാണ് പ്രവേശനം (https:// lbscetnre.in).

ആയുർവേദിക് നഴ്‌സിങ്, ഫാർമസി, തെറാപ്പിസ്റ്റ് കോഴ്സുകൾ

എ ഐ ഐ എം എസ് ഋഷികേശ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്‌സ് (https:// aiismrishikesh.edu.in)

പത്താം ക്ലാസിനു ശേഷം ഇനി ഡി വോക്ക്

പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന്‌ തിരഞ്ഞെടുക്കാ വുന്ന തൊഴിൽസാധ്യത ഉള്ള കോഴ്‌സാണ് ഡിപ്ലോമ ഇൻ വൊക്കേഷൻ അഥവാ ഡി വോക്ക് (D.Voc). ഓൾ ഇന്ത്യൻ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അംഗീകരമുള്ള നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക് (NSQF) ലെവൽ കോഴ്‌സാണ് ഇത്.

കേരളത്തിൽ ഈ കോഴ്സ് പുതുമയുള്ളതാണ്. മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത പോളിടെക്‌നിക്കുകളിലാണ് നടത്തുന്നത്. പ്രിന്റിംഗ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, മൾട്ടിമീഡിയ & ഗ്രാഫിക്സ് എന്നീ വിഷയങ്ങളിലാണ് ഡി വോക്ക് കോഴ്സുകൾ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അസാപ് കേരളയുമാണ് ഈ കോഴ്സ് കേരളത്തിൽ നടത്തുന്നത്.

ഹ്രസ്വകാല കോഴ്‌സുകൾ

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കൊമഡേഷൻ ആന്റ് ഓപറേഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന്റെ ഭാഗമായി മൂന്നു മാസം ട്രെയിനിങ് കൂടി ഉണ്ടാവും. (www. fcikerala.org).

ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ കോഴ്സുകൾ സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കും. പത്ത് മാസം ദൈർഘ്യമുള്ളതാണ് ഈ കോഴ്സ് (https:// scu.kerala.gov.in/)

സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (www. statelibrary.kerala.gov.in)

പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‌വെയയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ (https://www. cftichennai.in/)

സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്‌സ്(https:// dslr.kerala.gov.in/)

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീസീ ട്രെയിനിങ് കോഴ്‌സ് ഫോർ ജനറൽ പർപ്പസ് റേറ്റിങ്. (https://www. dgshipping.gov.in/)

സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാം (http:// dtekerala.gov.in/).

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) നടത്തുന്ന നിർമാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ (https:// iiic.ac.in)

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽബിഎസ്, കെൽട്രോൺ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, എസ്.ആർ.സി കമ്യൂണിറ്റി കോളേജ്, കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ (വെബ്‌സൈറ്റുകൾ യഥാക്രമം http:// lbscetnre.kerala.gov.in/, http://www. ketlron.org/, http://www. ihrd.ac.in/, https:// education.kerala. gov.in/thestaterecourcecetnre/, https:// keralastaterturonix.com)

നാഷനൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ (https:// dgt.gov.in/).

ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ കോഴ്‌സ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: What subjects to choose after class 10 different course details