/indian-express-malayalam/media/media_files/uploads/2023/10/Canada-Visa-delay.jpg)
വിസ സ്റ്റാമ്പിങ്ങ് ന്യൂ ഡൽഹിയിലെ കനേഡിയൻ ഹൈ കമ്മീഷനിലേക്ക് മാറ്റിയതും കാലതാമസമുണ്ടാക്കാൻ കാരണമായിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിൽ ചണ്ഡീഗഢ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കനേഡിയൻ വിസ കോൺസുലർ സർവ്വീസുകൾ പിൻവലിച്ചിരുന്നു. അടുത്ത വർഷം ജനുവരിയിൽ വിന്റർ സെഷനിൽ സർവകലാശാലകളിൽ ചേരാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് വിസ പ്രോസസ്സിംഗിൽ കാലതാമസം സൃഷ്ടിക്കുകയാണ്.
വിദ്യാർത്ഥികളിൽ നിന്ന് വിസ ആപ്ലിക്കേഷൻ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രോസസ്സിങ്ങിൽ കാലതാമസം നേരിടുമെന്നാണ് കനേഡിയൻ ഇമിഗ്രേഷൻ, റഫ്യൂജി, സിറ്റിസൻഷിപ്പ് വകുപ്പ് മന്ത്രി മാർക്ക് മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
വിദ്യാർത്ഥികൾക്കും, അപേക്ഷകൾക്കും വിസ നടപടിക്രമങ്ങൾക്കുമായി അവരെ സഹായിക്കുന്ന കൺസൾട്ടന്റുമാർക്കും ഏജന്റുമാർക്കും ഉൾപ്പെടെ എല്ലാവർക്കും വിസ കൈയിൽ ലഭിക്കുന്നതിന് 60 ദിവസം വരെ കാലതാമസം കണക്കാക്കുന്നു.
വിസ അപ്പ്രൂവൽ പ്രൊസസ്സുകൾക്ക് സാധാരണ ഗതിയിൽ 10 ദിവസമാണ് വേണ്ടിവന്നിരുന്നത്. കോൺസുലേറ്റ് മുഖേനയും മറ്റ് അംഗീകൃത ഏജൻസികൾ മുഖേനയും നടത്തിയിരുന്നു വിസ സ്റ്റാമ്പിങ്ങ് ഇപ്പോൾ ന്യൂ ഡൽഹിയിലെ കനേഡിയൻ ഹൈ കമ്മീഷനിലേക്ക് മാറ്റിയതും കാലതാമസമുണ്ടാക്കാൻ കാരണമായിട്ടുണ്ട്.
"ജനുവരിയിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അടുത്തുള്ള കോൺസുലേറ്റുകൾ പൂട്ടിയതിനാൽ ഡൽഹിയിലേക്ക് പോകേണ്ടതാണ് അടിസ്ഥാനപരമായ പ്രശ്നം," മുംബൈ ആസ്ഥാനമായുള്ള എഡ്യുക്കേഷൻ കൺസൽട്ടന്റ് വിരാൽ ദോഷി പറയുന്നു.
അമേരിക്ക കഴിഞ്ഞാൽ, വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യം കാനഡയാണ്. 2022 ഡിസംബർ 31ലെ കണക്കനുസരിച്ച്, കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 39.5 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. ഈ സംഖ്യ കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയുടെ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം ഏകദേശം 10 ബില്യൺ കനേഡിയൻ ഡോളറാണ് സംഭാവന ചെയ്യുന്നത്.
പ്രഖ്യാപനമുണ്ടായ വെള്ളിയാഴ്ച മുതൽ, ഡിസംബറിൽ കാനഡയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ഉയരുകയാണ്.
സസ്‌കാച്ചെവൻ പോളിടെക്‌നിക് കോളേജിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്‌സിന് പ്രവേശനം നേടിയ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി രാംകുമാർ സത്തപ്പനും (32) അക്കൂട്ടത്തിലുണ്ട്. കാനഡയിലെ തുടർ വിദ്യാഭ്യാസത്തിനായി വായ്പ എടുത്ത രാംകുമാർ ഇതിനകം 20 ലക്ഷം രൂപ കോളേജിൽ അടച്ചിട്ടുണ്ട്.
"കഴിഞ്ഞയാഴ്‌ചയാണ് ഞാൻ വിസ്യ്ക്ക് അപേക്ഷിച്ചത്. നിലവിലെ അവസ്ഥ ആശങ്കയുണ്ടാക്കുന്നുണ്ട്. വിസ ലഭിക്കാൻ ഇനിയും കാലതാമസം പ്രതീക്ഷിക്കുന്നു, അതുകൊണ്ടുതന്നെ പോക്ക് മാറ്റിവെക്കേണ്ടി വന്നേക്കാം. പ്രോഗ്രാമിനായുള്ള ഒരു വർഷത്തെ ഫീസും ജിഐസി (ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ്) ഫീസും ഞാൻ നേരത്തേ തന്നെ അടച്ചിട്ടുണ്ട്," രാംകുമാർ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.
വിസ അപ്രൂവലിന് സമയമെടുക്കുന്നതിനാൽ ആപ്ലിക്കേഷൻ പിൻവലിക്കുന്നതിനോ അംഗീകരിക്കുന്നതിനോ സർവകലാശാലയിൽ ബന്ധപ്പെടേണ്ടതുണ്ട്. "കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ ഇതുവരെ സർവകലാശാലയുടെ ഭാഗത്തു നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല," രാംകുമാർ കൂട്ടിച്ചേർത്തു.
കാനഡ വെസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയതിനെ തുടർന്ന് ഭാര്യയ്‌ക്കൊപ്പം കാനഡയിലേക്ക് താമസം മാറാൻ ആഗ്രഹിച്ചിരുന്ന ബംഗളൂരു നിവാസിയായ പവൻ ഹനുമന്തപ്പ (32) താനെടുത്ത വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള ആശങ്കായിലാണ്.
"എന്നെ സംബന്ധിച്ച് കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. കാനഡ നൽകുന്ന സൗഹാർദ്ദപരമായ എമിഗ്രേഷൻ പോളിസികൾ കണക്കിലെടുക്കുമ്പോൾ, മറ്റൊരു രാജ്യം തിരഞ്ഞെടുക്കാൻ എനിക്ക് പദ്ധതിയില്ല. എന്നെ ആശങ്കപ്പെടുത്തുന്നത് ഫീസ് അടയ്ക്കാൻ ഞാൻ കടമെടുത്ത വിദ്യാഭ്യാസ വായ്പയാണ്. രണ്ട് വർഷത്തെ ലോൺ കാലാവധി അവസാനിക്കുമ്പോഴേക്കും ഞാൻ ഡിഗ്രി പൂർത്തിയാക്കിയിരിക്കണം, കൂടാതെയൊരു ജോലിയും കണ്ടെത്തണം. വിസ അപ്രൂവലിന് കാലതാമസമുണ്ടായി പ്രവേശനം വൈകുകയാണെങ്കിൽ, ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എന്റെ വായ്പയ്ക്ക് പലിശ അടക്കേണ്ടിവരും. വിദ്യാഭ്യാസവായ്പ രണ്ട് വർഷത്തേക്ക് പലിശ രഹിതമാണ്."
കാലതാമസം ഉറപ്പായതിനാൽ, വിന്റർ സെഷനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളോട് എത്രയും വേഗം വിസ ആപ്ലിക്കേഷൻ ഫയൽ ചെയ്യാനാണ് കൺസൽട്ടന്റുമാർ നിർദ്ദേശിക്കുന്നത്.
"ഇന്ന് രാവിലെ മുതൽ, എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരുന്നു വിദ്യാർത്ഥികൾ. എത്രയും പെട്ടന്ന് വിസയ്ക്ക് അപേക്ഷിക്കാനാണ് ഞങ്ങൾ അവരോട് പറയുന്നത്. കനേഡിയൻ സ്റ്റുഡന്റ് വിസ അപ്രൂവൽ നിരക്ക് നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടായതിന് ശേഷവും മാറിയിട്ടില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ ശാന്തരാക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ. 10 ദിവസം കൊണ്ട് നടന്നിരുന്ന പ്രോസ്സസ്സിംഗ് ഇപ്പോൾ 30 മുതൽ 45 ദിവസം വരെ സമയമെടുക്കുന്നു എന്നതാണ് ഒരേയൊരു മാറ്റം," ജലന്ധർ ആസ്ഥാനമായുള്ള കൺസൽട്ടന്റായ തിരത് സിംഗ് പറഞ്ഞു.
ഇത് ആശങ്ക ഒട്ടും കുറച്ചിട്ടില്ല, കൂടാതെ വിദ്യാർത്ഥികളിൽ പലരും സ്പ്രിംഗ് സെമസ്റ്ററിലേക്ക് പ്രവേശനം മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരുവിലെ ക്രോയസ് ഇമിഗ്രേഷന്റെ അസോസിയേറ്റ് മാനേജർ കിരുതിക പറഞ്ഞു.
"പല കനേഡിയൻ സർവ്വകലാശാലകളും വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സിന്റെ ആദ്യ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വിസാ കാലതാമസത്തിനുള്ള സാധ്യത കണക്കിലെടുത്ത്, വിദ്യാർത്ഥികൾ അവരുടെ പ്രവേശനം മെയ് അല്ലെങ്കിൽ സെപ്തംബർ മാസത്തേക്ക് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം," കിരുതിക പറയുന്നത്.
ആശങ്കയും, ആശയക്കുഴപ്പവും വെള്ളിയാഴ്ചത്തെ പ്രഖ്യാപനത്തിന് ശേഷം രൂക്ഷമായതല്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമാകാൻ തുടങ്ങിയതു മുതൽ കാനഡയിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ആശങ്കയിലാണെന്ന് ഏജന്റുമാരും കൺസൽട്ടന്റുമാരും പറയുന്നു.
"വിസ അംഗീകാരത്തെക്കാൾ കൂടുതൽ മാതാപിതാക്കൾക്ക് നേരത്തെ ഉണ്ടായിരുന്ന ആശങ്ക അവിടെയുള്ള വംശീയതയായിരുന്നു. എന്നാൽ ഇപ്പോഴത് ആരൊക്കെയാണ് ഖാലിസ്ഥാൻ അനുകൂലിഎന്ന കാര്യത്തിലാണ്. പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കപ്പെടാൻ സാധ്യതയുണ്ട്," വിരാൽ ദോഷി പറയുന്നു.
നയതന്ത്ര തർക്കം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്കിനെ മറ്റ് രാജ്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും വിരാൽ ദോഷി നിരീക്ഷിക്കുന്നു. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാനഡ എപ്പോഴും ഒരു ജനപ്രിയ രാജ്യമാണ്. എന്നാൽ വിദ്യാർത്ഥികൾ തീർച്ചയായും മറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്, അതിനാൽ ഓഗസ്റ്റിൽ പ്രവേശന സമയത്ത്, സാഹചര്യം മാറിയില്ലെങ്കിൽ, പ്രവേശനം നേടിയതിന് ശേഷവും വിദ്യാർത്ഥികൾ തങ്ങളുടെ വഴി മാറി ചിന്തിച്ചേക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനകം തന്നെ കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കിൽ കുറവ് കണ്ട് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശ്വസിപ്പിക്കാൻ സർവകലാശാലകൾ കൂടുതൽ ശ്രമങ്ങൾ നടത്തുമ്പോഴും പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ കാനഡയിലേക്ക് അയക്കുന്നതിൽ താല്പര്യക്കുറവ് കാണിക്കുന്നുണ്ട്. ഈ തർക്കം ആരംഭിച്ചതിനുശേഷം കാനഡ ഉപരിപഠനം സംബന്ധിച്ച അന്വേഷണങ്ങളും കുറഞ്ഞിട്ടുണ്ട്. മറുവശത്ത്, ആളുകൾ ഇപ്പോൾ ഓസ്‌ട്രേലിയയെയും യുകെയേയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുമുണ്ട്. കാനഡയുടെ അവസ്ഥ മറ്റ് രാജ്യങ്ങൾ നേട്ടമാക്കാനാണ് ശ്രമിക്കുന്നത്. കാരണം ഓസ്‌ട്രേലിയ അതിന്റെ പോസ്റ്റ്-വർക്ക് വിസ ഒരു വർഷത്തേക്ക് നീട്ടി, വിദ്യാർത്ഥികൾക്ക് അവരുടെ ചെലവുകൾ കണ്ടെത്താനും സ്ഥിരതാമസത്തിനുമായി ഒരു വർഷം അധികം നൽകുന്നു," വഡോദരയിൽ നിന്നുള്ള എഡ്യുക്കേഷൻ കൺസൽട്ടന്റായ സഞ്ജയ് ചാവ്ദ പറഞ്ഞു.
നന്ദിനി സാഹ എന്ന വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം കാനഡയിൽ ലഭിച്ച അഡ്മിഷൻ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉപേക്ഷിച്ചിരുന്നു.
"കാനഡയിൽ പഠിക്കുക എന്നത് എന്റെ നീണ്ടകാലത്തെ ആഗ്രഹമായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പഠനത്തെ ബാധിക്കുമോ എന്ന ആശങ്ക കൊണ്ടാണ് പ്ലാൻ ഉപേക്ഷിച്ചത്," നന്ദിനി പറഞ്ഞു.
"പണപ്പെരുപ്പത്തെക്കുറിച്ചും അവിടെ വീടുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ മാതാപിതാക്കൾ ഈ അവസ്ഥയിൽ എന്നെ കാനഡയിലേക്ക് പോകാൻ സമ്മതിക്കില്ല. മറ്റ് രാജ്യങ്ങളിൽ ശ്രമിക്കാമെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ കാനഡയിലേക്ക് പോകുക എന്നത് എന്റെ ലക്ഷ്യമായിരുന്നു, അതിനായി ധാരാളം പണവും ചെലവഴിച്ചിട്ടുണ്ട്, പക്ഷേ അവസാനം അത് ഇങ്ങനെയായി," നിരാശയോടെ നന്ദിനി പറഞ്ഞു
(With inputs from Deeksha Teri in New Delhi and Ritu Sharma in Ahmedabad)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.