/indian-express-malayalam/media/media_files/uploads/2023/06/Ramlal-Bhoi.jpg)
രാംലാല്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം
രാംലാല്‍ ഭോയ്, രാജസ്ഥാനിലെ ഘോസുണ്ട ഗ്രാമത്തിലെ ഇപ്പോഴത്തെ താരം. 11-ാം വയസില്‍ വിവാഹിതനായി, 21-ാം വയസില്‍ ഒരു കുട്ടിയുടെ പിതാവായിരിക്കെ നീറ്റ് പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്നത്തിലേക്ക് അടുക്കുകയാണ് രാംലാല്‍. തന്റെ വിദ്യാഭ്യാസം തുടരുന്നതിനായി ഒരുപാട് കഷ്ടതകള്‍ 21-കാരന് നീന്തി കടക്കേണ്ടി വന്നിരുന്നു.
"ബാലവിവാഹം എന്റെ ഗ്രാമത്തില്‍ സാധാരണമാണ്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം. പുതിയ വസ്ത്രങ്ങളൊക്കെ ലഭിക്കുന്നതിനാല്‍ ഞാന്‍ അപ്പോള്‍ വളരെ ആവേശത്തോടെയായിരുന്നു വിവാഹത്തെ കണ്ടിരുന്നത്. പിന്നീട് ജീവിതം മുന്നോട്ട് എത്തിയപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ചിന്തയുണ്ടായത്," രാംലാല്‍ പറഞ്ഞു.
വിവാഹസമയത്ത് കരിയറിനെപ്പറ്റി ചിന്തിക്കാനുള്ള അറിവ് രാംലാലിന് ഉണ്ടായിരുന്നില്ല. ഒരു ഡോക്ടറാകാന്‍ എന്ത് ചെയ്യണമെന്നും രാംലാലിന് അറിയില്ലായിരുന്നു. പത്താം ക്ലാസിന് ശേഷം ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ് കഠിനമായി പരിശ്രമിച്ചാല്‍ ഡോക്ടറാകാന്‍ സാധിക്കുമെന്ന തിരിച്ചറിവിലേക്ക് രാംലാലിനെ എത്തിച്ചത്.
/indian-express-malayalam/media/media_files/uploads/2023/06/NEET-UG-topper-4.jpg)
"എനിക്ക് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തുണ്ടായിരുന്നു, ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്നായിരുന്നു അവന് ആഗ്രഹം. സമൂഹത്തില്‍ ഒരു ഡോക്ടറിന് ലഭിക്കുന്ന മൂല്യത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും അവനാണ് എനിക്ക് മനസിലാക്കി തന്നത്. വലുതാകുമ്പോള്‍ ഡോക്ടറാകണമെന്ന് തീരുമാനം അന്ന് എടുത്തു," രാംലാല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
"11-ാം വയസില്‍ വിവാഹം നടന്നതിന് ശേഷം എന്റെ ഭാര്യ എനിക്കൊപ്പം വന്നിരുന്നില്ല. എനിക്കൊരു ഭാര്യയുണ്ടെന്ന് അറിയാമായിരുന്നു. പക്ഷെ അവള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 5, 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവള്‍ വീട്ടിലേക്ക് വന്ന് തുടങ്ങിയത്. എനിക്ക് അവളെ നോക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന ഉപദേശവും ലഭിച്ചു. കുടുംബത്തെ കൃഷിയിലൊക്കെ സഹായിക്കാന്‍ ഞാന്‍ ആരംഭിക്കുകയും ചെയ്തു," രാംലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്ണില്‍ സയന്‍സായിരുന്നു രാംലാല്‍ തിരഞ്ഞെടുത്തത്. പ്ലസ് ടുവിന് ശേഷം നീറ്റ് പരീക്ഷയ്ക്കായി സ്വയം തയാറെടുത്തു. ഹിന്ദി ഭാഷയിലായിരുന്നു രാംലാലിന്റെ പഠനം, കോച്ചിങ് സെന്ററുകളെക്കുറിച്ച് അന്ന് രാംലാലിന് അറിവുണ്ടായിരുന്നില്ല. കോവിഡും എത്തിയതോടെ പഠനം ദുഷ്കരമാകുകയും ചെയ്തു. എന്നിരുന്നാലും തന്റെ സ്വപ്നം കൈവിടാന്‍ രാംലാല്‍ തയാറായില്ല.
/indian-express-malayalam/media/media_files/uploads/2023/06/NEET-UG-topper-3.jpg)
തന്റെ പഠന നിലവാരം മനസിലാക്കാനാകാത്തതിനാല്‍ രാംലാല്‍ കോച്ചിങ് സെന്ററില്‍ ചേരുകയായിരുന്നു. 2021-22 ലെ നീറ്റ് പരീക്ഷയില്‍ 490 മാര്‍ക്കാണ് രാംലാല്‍ നേടിയത്. രണ്ട് വര്‍ഷം കോച്ചിങ് സെന്ററില്‍ പോയതിന് ശേഷമായിരുന്നു പരീക്ഷയെഴുതിയത്. ഇത്തവണ രാംലാല്‍ 632 മാര്‍ക്കാണ് നേടിയത്. എന്നിരുന്നാലും അടുത്ത ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് രാംലാലിന് ധാരാളം സംശയങ്ങളുണ്ട്.
സര്‍ക്കാര്‍ കോളജില്‍ എംബിബിഎസ് പഠിക്കണമെന്നാണ് രാംലാലിന്റെ ആഗ്രഹം. സര്‍ക്കാര്‍ കോളജുകളില്‍ പോലും ഫീസ് ഒരു ലക്ഷത്തോളം വരുമെന്നാണ് രാംലാല്‍ പറയുന്നത്. തന്നെപ്പോലെ കഷ്ടതകളിലൂടെ കടന്ന് പോകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും രാംലാല്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.