scorecardresearch

Victers- കൈറ്റ് വിക്ടേഴ്‌സിൽ മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം; തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും

പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ

പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ

author-image
WebDesk
New Update
Online Class, Budget 2022

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർണമായി തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്‌സ്, കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സിലെ ക്ലാസുകൾ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ചയോടെ പൂർത്തിയതിനാൽ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. രാവിലെ 07.30 മുതൽ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതൽ 05.30 വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്ടു റിവിഷൻ. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ അതേ ദിവസം വൈകുന്നേരം 07.00 മണിമുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം 09.30 മുതലും തുടർച്ചയായി നൽകും.

പ്ലസ്ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും തിങ്കൾ മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമായിത്തുടങ്ങും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെത്തന്നെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യത്തിലുള്ള എംപി3 ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാനും കഴിയുന്ന സംവിധാനമാണിത്. ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകൾ ക്യൂ.ആർ. കോഡ് സ്‌കാൻ ചെയ്തും കേൾക്കാവുന്നതാണ്.

പത്താം ക്ലാസിന്റെ മൂന്ന് റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയാണ്. അടുത്ത ദിവസം രാവിലെ 06.00 മണി മുതൽ കൈറ്റ് വിക്ടേഴ്‌സിലും ഉച്ചയ്ക്ക് 02.30 മുതൽ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും പത്താം ക്ലാസിന്റെ റിവിഷൻ പുനഃസംപ്രേഷണം ചെയ്യും. പത്തിലെ മുഴുവൻ ഓഡിയോ ബുക്കുകളും പോർട്ടലിൽ ലഭ്യമാണ്. പ്ലസ് വൺ ക്ലാസുകളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ 09.00 മണി മുതൽ 10.30 വരെയും പുനഃസംപ്രേഷണം രാത്രി 10.00 നും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 08.00മണി മുതലും ആയിരിക്കും. പ്രീ-പ്രൈമറി ക്ലാസ് രാവിലെ 10.30 നും പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ പിറ്റേന്ന് 03.30 നും ആയിരിക്കും.

Advertisment

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ യഥാക്രമം 12.30, 01.00, 01.30, 02.00, 02.30, 03.00, 03.30 മണിയ്ക്ക് സംപ്രേഷണം ചെയ്യും. ഈ ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം വൈകുന്നേരം 04.30 മുതൽ 08.00 മണി വരെ ഇതേ ക്രമത്തിൽ നടത്തും. ഒൻപതാം ക്ലാസ് രാവിലെ 11.00 മണി മുതൽ 12.00 മണി വരെയും എട്ടാം ക്ലാസ് 12.00 മണിയ്ക്കും സംപ്രേഷണം ചെയ്യും. ഈ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 07.00 മണി മുതൽ 08.00 മണി വരെയും (ഒൻപത്) വൈകുന്നേരം 04.00 മണിയ്ക്കും (എട്ട്) പുനഃസംപ്രേഷണം ചെയ്യും.

പത്ത്, പ്ലസ്ടു ക്ലാസുകളുടെ തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ പരിപാടി മാർച്ച് ആദ്യം മുതൽ ആരംഭിക്കും. റെഗുലർ ക്ലാസുകൾ, ഓഡിയോ ബുക്കുകൾ, റിവിഷൻ ക്ലാസുകൾ, സമയക്രമം തുടങ്ങിയവ തുടർച്ചയായി firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. ഓഡിയോ ബുക്കുകളും ക്ലാസുകളും സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് നൽകിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്‌ടോപ്പുകളും പ്രയോജനപ്പെടുത്തി ആവശ്യമുള്ള കുട്ടികൾക്ക് ലഭ്യമാക്കാനും സ്‌കൂളുകൾക്ക് കൈറ്റ് നിർദേശം നൽകിയിട്ടുണ്ട്.

Victers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: