Victers Channel: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളിൽ പ്ലസ്‍ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ തിങ്കള്‍ (ആഗസ്റ്റ് 3) മുതല്‍ മാറ്റമുണ്ടായിരിക്കും. ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതല്‍ 10 :30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 മണിയ്ക്ക് ആയിരിക്കും. നേരത്തെ ഇത് 8 മണിയ്ക്കായിരുന്നു.

കൊച്ചു കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് സമയത്തില്‍ മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തില്‍ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. എന്നാൽ യോഗ , ഡ്രിൽ , മോട്ടിവേഷൻ തുടങ്ങിയ പൊതു ക്‌ളാസുകൾ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് തുടർന്നും ഈ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook