Victers Channel: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകള്‍ക്ക് പ്രാമുഖ്യം നല്കി ഡിസംബര്‍ 7 മുതല്‍ കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു വരികയാണ്. കുട്ടികൾക്ക് അമിതഭാരം
ഏല്‍പ്പിക്കാതെ ക്ലാസുകള്‍ തയ്യാറാക്കുക എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം പാലിച്ചാണ് കൈറ്റും എസ്.സി.ഇ.ആര്.ടിയും ചേർന്ന് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത് പറയുന്നു.
പുതിയ ടൈംടേബിൾ പ്രകാരം പത്താം ക്ലാസുകാര്‍ക്ക് അംഗീകൃത സമയക്രമമനുസരിച്ച് ക്ലാസുകള്‍ പൂര്‍ത്തിയാക്കേണ്ട ജനുവരിയില്‍ത്തന്നെ ഫസ്റ്റ്ബെല്‍ ക്ലാസുകളും പൂര്‍ത്തിയാക്കാനാകും. ജനുവരി ആദ്യവാരത്തോടെത്തന്നെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകള്‍ പൂര്‍ത്തിയാകും. പന്ത്രണ്ടാം ക്ലാസിലെ ചില ശാസ്ത്ര വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി രണ്ടര മണിക്കൂര്‍ എന്നത് അപൂര്‍വ്വം ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ വരെ ആവശ്യമായി വരും. എല്ലാ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തോടൊപ്പം പിന്നീട് സ്ഥിരമായി കാണാനായി ഫസ്റ്റ്ബെല്‍ പോര്‍ട്ടലിലും (firstbell.kite.kerala.gov.in) ലഭ്യമാക്കുന്നുണ്ട്.
Read more: Victers Channel Timetable December 13: വിക്ടേഴ്സ് ചാനൽ, ഡിസംബർ 13 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
ക്ലാസുകള്‍ ഒരിക്കലും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാത്ത തരത്തില്‍ത്തന്നെയാണ് ക്രമീകരിക്കുന്നത്. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മാത്രം കണ്ട് കുട്ടി പരീക്ഷ എഴുതുക എന്ന ലക്ഷ്യത്തോടെയുമല്ല സംപ്രേഷണം. നിലവില്‍ അധ്യാപകര്‍ നല്‍കിവരുന്ന തത്സമയ പിന്തുണകള്‍ക്ക് പുറമെ കുട്ടികള്‍ സ്കൂളില്‍ വന്ന് നേരിട്ട് അധ്യാപകര്‍ ക്ലാസുകള്‍ നല്കുന്ന അനുഭവം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഫസ്റ്റ്ബെല്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പൊതുപരീക്ഷയ്ക്ക് പ്രാധാന്യമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോൾ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
ഡിസംബര്‍ 18 മുതലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷാ ദിവസങ്ങളില്‍ പന്ത്രണ്ടാം ക്ലാസിന് ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ഉണ്ടാകില്ല. അതു പോലെ പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.