Victers Channel: കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ് ടൈഗർ’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത്.

ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ” പ്രൊജക്ട് ടൈഗർ ” എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

തന്റെ അഭിനയ ജീവിതത്തില്‍ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും. ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം 17 തിങ്കളാഴ്ച ഉച്ചക്ക് 12 നാണ്.

സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഭാഗമായാണ് മോഹൻലാലും എത്തുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook