/indian-express-malayalam/media/media_files/uploads/2021/06/First-Bell-4.jpg)
Victers: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഇന്നോടെ പൂർത്തിയാകുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്‍വർഷത്തെപ്പോലെ ജൂണ്‍ 1 മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വർഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂർത്തിയാക്കി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണവും പൂർത്തിയാക്കുകയാണ്.
ജനറല്‍, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉള്‍പ്പെടെ 9500-ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വർഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തില്‍ firstbell.kite.kerala.gov.in പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ടിതമായ റിവിഷന്‍ ക്ലാസുകള്‍ കാഴ്ച പരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍, ശ്രവണ പരിമിതർക്കുള്ള സൈന്‍ അഡാപ്റ്റ് ക്ലാസുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകള്‍, കേരളം - മണ്ണും മനുഷ്യനും, ഞാന്‍ സംരംഭകന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണവും പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തില്‍ റിവിഷന്‍, ലൈവ് ക്ലാസുകളും ഓഡിയോ ബുക്കുകളും ആരംഭിക്കുമെന്നും കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.