തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രതിവാര പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി കുറച്ചു. പൊതുവിദ്യാലയങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമായിട്ടുള്ള ഏകവിഭാഗം വിച്ച്എസ്ഇയാണ്. ആറ് ദിവസത്തെ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ആറ് ദിവസത്തെ ക്ലാസ് മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയം കുറയ്ക്കുന്നതായും നിരീക്ഷണമുണ്ട്. പുതുക്കിയ വിഎച്ച്എസ്ഇ ദേശീയ നൈപുണ്യ ചട്ടക്കൂട് കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറില്‍ നിന്ന് 600 മണിക്കൂറാക്കി കുറച്ചു. എന്നിരുന്നാലും സംസ്ഥാനത്ത് ആറ് ദിവസം ക്ലാസ് എന്ന നയം തുടര്‍ന്നിരുന്നു.
ക്ലാസ് പീരിയഡുകളുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കി നിലനിര്‍ത്തിക്കൊണ്ടാണ് അഞ്ച് ദിവസത്തെ ക്ലാസുകള്‍. ഇതനുസരിച്ച് ടൈം ടേബിള്‍ പുനക്രമീകരിക്കാനും ഉത്തരവായിട്ടുണ്ട്. വ്യവസായ ശാലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൊക്കേഷണല്‍ വിഭാഗം ജീവനക്കാര്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് ജോലിഭാരം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.