ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റി. ജൂണിലാണ് പരീക്ഷകൾ നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പ്രകാരം ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സി അറിയിച്ചു.
”നിലവിലെ കോവിഡ് സാഹചര്യത്തിൽ 2021 ജൂൺ 27 ന് നടത്താൻ തീരുമാനിച്ചിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റി. 2021 ഒക്ടോബർ 10 ന് പരീക്ഷ നടത്തും,” യുപിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എല്ലാ വർഷവും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷകൾ നടത്തുന്നത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത. പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുളള രണ്ടു പേപ്പറുകൾ ഉണ്ടാവും. രണ്ടു മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുളള സമയം. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം.