scorecardresearch

University Announcements 21 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 21 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എം ജി സര്‍വകലാശാല

പി ജി, ബി എഡ് സപ്ലിമെന്ററി അലോട്ട്‌മെന്റ്

പി.ജി, ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. യു.ജി./ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ അവസരമുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റ് രജിസ്‌ട്രേഷനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

ഒന്നു മുതല്‍ മൂന്നു വരെയുള്ള അലോട്ട്‌മെന്റുകളില്‍ തൃപ്തരല്ലാത്തവരും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവരും ലഭിച്ചശേഷം വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടവരും ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരെയും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കും. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

നിലവില്‍ അഡ്മിഷന്‍ എടുത്തവര്‍ (എല്ലാ ക്വാട്ടയും സ്ഥിര, താത്കാലിക പ്രവേശനവും ഉള്‍പ്പെടെ) സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുകയും പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ നിലവിലുള്ള അലോട്ട്‌മെന്റ് റദ്ദാകും.

ഒന്നു മുതല്‍ മൂന്നു വരെയുള്ള അലോട്ട്‌മെന്റുകളിലും കമ്യൂണിറ്റി മെറിറ്റ് ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവയിലും അപേക്ഷിച്ചവര്‍ക്ക് നിലവിലുള്ള ക്യാപ്പ് ഐഡിയും പാസ് വേഡും ഉപയോഗിച്ച് പുതുതായി ഫീസ് അടയ്ക്കാതെ തന്നെ അപേക്ഷ നല്‍കാം. ഇതു വരെ ക്യാപ്പില്‍ അപേക്ഷ നല്‍കാത്തവര്‍ മാത്രം പുതിയതായി അപേക്ഷ ഫീസ് അടച്ചാല്‍ മതിയാകും.

പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക അലോട്ട്മന്റുകള്‍ക്കു ശേഷമാണു സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നത്. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പ്രത്യേക സംവരണം ഉണ്ടായിരിക്കില്ല.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

നാക് ഗ്രേഡിങ്ങ്: എ പ്ലസിലേക്ക് കുതിച്ച് കാലിക്കറ്റ്

യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് എ പ്ലസ്. 3.45 പോയിന്റോടെയാണ് നേട്ടം. കഴിഞ്ഞ തവണ 3.13 പോയിന്റുമായി എ. ഗ്രേഡ് ആയിരുന്നു.

സംസ്ഥാനത്ത് നാലാം തവണ നാക് അക്രഡിറ്റേഷന്‍ പ്രക്രിയക്ക് വിധേയമാകുന്ന ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ് 15, 16, 17 തീയതികളിലായി നാക് പിയര്‍ ടീം അംഗങ്ങള്‍ സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ചിരുന്നു. ഔറംഗാബാദ് എം.ജി.എം. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീര്‍ ഗവാനേ അധ്യക്ഷനായ ആറംഗ സമിതിയാണു സര്‍വകലാശാല സന്ദര്‍ശിച്ചത്.

2002-ലാണ് കാലിക്കറ്റ് ആദ്യ നാക് ഗ്രേഡിങ്ങിനു വിധേയമായത്. അന്ന് ത്രീസ്റ്റാര്‍ പദവിയാണ് ലഭിച്ചിരുന്നു. 2010-ല്‍ 2.94 പോയന്റോടെ ബി ഗ്രേഡും 2016-ല്‍ 3.13 പോയന്റോടെ എ ഗ്രേഡും ലഭിച്ചിരുന്നു.

സര്‍വകലാശാലയുടെ മികച്ച മാതൃകയായി അവതരിപ്പിച്ച കമ്യൂണിറ്റി ഡിസെബിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്‍.പി.), കായിക പദ്ധതിയായ ലാഡര്‍ എന്നിവയ്ക്ക് ഇത്തവണ ഏറ്റവും മികച്ച സ്‌കോര്‍ ലഭിച്ചു. കാമ്പസ് റേഡിയോ, ഡിജിറ്റല്‍ ഫീഡ്ബാക്ക്, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം, സ്പോര്‍ട്സ്, എന്‍.എസ്.എസ്. രംഗത്തെ നേട്ടങ്ങള്‍, ജൈവവൈവിധ്യം, തുടങ്ങിയവയെല്ലാം അഭിനന്ദനാര്‍ഹമായി.

നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. ഗവേഷണത്തിലും നൂതനാശയ സംരഭങ്ങളിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നാക് പരിശോധക സമിതി നിര്‍ദേശം നടപ്പാക്കാന്‍ നടപടി തുടങ്ങിയതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.

കിഫ്ബി വഴി 200 കോടി രൂപയുടെ ധനസഹായമാണു സര്‍വകലാശാലയ്ക്കു ലഭിക്കാനിരിക്കുന്നത്. ഇതില്‍ 100 കോടി രൂപ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനത്തിനാണ്. സ്റ്റാര്‍ട്ട് മിഷനുമായി സഹകരിച്ചുള്ള ഫാബ് ലാബിന് 20 കോടി ലഭിക്കും. ഇതോടെ ഗവേഷണ മേഖല കരുത്താര്‍ജിക്കുമെന്നും അടുത്ത നാക് പരിശോധയില്‍ എ ഡബിള്‍ പ്ലസ് നേടാനാകുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 september 2022

Best of Express