തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020- 2021 അധ്യയന വർഷത്തിൽ ബിടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകളാണ് ഉണ്ടാവുക. ഇതിൽ അഞ്ച് ശതമാനം (3 സീറ്റുകൾ) എൻ ആർ ഐ ക്വാട്ട ആയിരിക്കും.
അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്മെന്റിലും സംസ്ഥാനത്ത് മുൻപന്തിയിൽ നിൽക്കുന്ന മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ കോഴ്സുകൾക്ക് ഈ വർഷം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. http://www.mec.ac.in
കേരള യൂണിവേഴ്സിറ്റി
ഓഗസ്റ്റ് 4നു നിശ്ചയിച്ചിരുന്ന അവസാന വര്‍ഷ ബി.എഫ്.എ. ഒന്നാം സെമെസ്റ്റര്‍ എം.എഫ്.എ. പരീക്ഷകളും ഓഗസ്റ്റ് 10നു തുടങ്ങാനിരുന്ന ഒന്നാം വര്‍ഷ ബി.എഫ്.എ. പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഹെല്പ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം.
കോവിഡ് 19 ന്റെ വ്യാപനം മൂലം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍പ്പെട്ട സര്‍വ്വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുള്ളതിനാല്‍ പരീക്ഷകളുമായി ബന്ധപെട്ട സേവനങ്ങള്‍ക്ക് ഹെൽപ്പ് ഡസ്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10:30 മുതല്‍ വൈകിട്ട് 5 മണി വരെ 9188526674, 9188526670 എന്നീ ഫോണ്‍നമ്പരുകളിലോ examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in എന്ന ഈ-മെയില്‍ മുഖാന്തരമോ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
ബിരുദ പ്രവേശനം – സ്പോർട്സ് ക്വാട്ട
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്സ് ആൻന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുളള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള സ്പോർട്സ് ക്വാട്ട പ്രൊഫോമ തങ്ങള്‍ ഓപ്ഷന്‍ നൽകിയ കോളേജുകളില്‍ (സ്പോർട്സ് ക്വാട്ടയിൽ പ്രവേശനത്തിന് താൽപര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ർത്തിയാകുന്ന തീയതിക്ക് മുന്‍പായി സമർപ്പിക്കേണ്ടതാണ്.
കോളേജുകളുടെ മെയില്‍ ഐഡി അഡ്മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുകയും നിശ്ചിത തീയതിക്ക് മുൻപായി കോളേജില്‍ പ്രൊഫോമ സമര്‍പ്പിക്കുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യുന്നവര്‍ മാത്രമേ സ്പോര്‍ട്സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും പ്രവേശനത്തിന് അര്‍ഹത നേടുകയും ചെയ്യുകയുളളൂ. പ്രൊഫോമ സമർപ്പിച്ചിട്ടുളള കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ മാത്രമെ അപേക്ഷകൾ ഉൾപ്പെടുകയുളളൂ എന്നുളള കാര്യം ശ്രദ്ധിക്കുക.
ബി.എ മ്യൂസിക് പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള മൂന്ന് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലെ (എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർര്‍ വിമെൻ, നീറമണ്‍കര, തിരുവനന്തപുരം, ഗവൺമെൻന്റ് കോളേജ് ഫോര്‍ വിമെന്‍, തിരുവനന്തപുരം, എസ്.എൻ. കോളേജ് ഫോർ വിമെൻ, കൊല്ലം) ബി.എ മ്യൂസിക് കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ പകർപ്പ് അതത് കോളേജുകളിൽ നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ മെയിൽ ഐഡി അഡ്മിന്‍ വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്. ഇപ്രകാരം കോളേജുകളിൽ അപേക്ഷ നേരിട്ട് സമർര്‍പ്പിക്കുകയോ ഇ-മെയിൽ അയയ്ക്കുകയോ ചെയ്യുന്നവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുളളൂ.
ശ്രീ.സ്വാതി തിരുനാള്‍ ഗവ.കോളേജ് ഓഫ് മ്യൂസിക് ബി.പി.എ പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ശ്രീ.സ്വാതി തിരുനാൾ ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് (തൈക്കാട്, തിരുവനന്തപുരം) ബി.പി.എ പ്രവേശനത്തിനുളള അപേക്ഷാഫോം അഡ്മിഷന്‍ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) ലഭ്യമാണ്. പ്രസ്തുത അപേക്ഷാഫോം പൂരിപ്പിച്ച് കോളേജിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമര്‍ർപ്പിക്കേണ്ടതാണ്. കോളേജിന്റെ ഇ-മെയില്‍ വിലാസം sstgmc@gmail.com . വിശദവിവരങ്ങൾക്ക് 0471-2323027 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കാലിക്കറ്റ് യൂണിവേഴ്സിറ്റി
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ പി.ജി ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് റഗുലര്‍ (മാര്‍ച്ച് 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
എം.ടെക് വൈവ
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പ്രൊജക്ട് ഇവാലുവേഷന്‍, വൈവ എന്നിവ ഓണ്‍ലൈനായി ആഗസ്റ്റ് 14-ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.ജി യൂണിവേഴ്സിറ്റി
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ സംയോജിപ്പിച്ച് സയൻസിലും സോഷ്യൽ സയൻസിലും രാജ്യാന്തര നിലവാരത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. പ്രോഗ്രാമുകൾ ആരംഭിക്കാനൊരുങ്ങി മഹാത്മാഗാന്ധി സർവകലാശാല. ഗവേഷണ മേഖലയെക്കുറിച്ച് ബിരുദതലത്തിൽ തന്നെ അറിവുപകരുകയും രാജ്യാന്തരതലത്തിലുള്ള മികച്ച അധ്യയനസൗകര്യം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയുമാണ് പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇതാദ്യമായാണ് സോഷ്യൽ സയൻസിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടങ്ങുന്നത്. എം.എസ്‌സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം സർവകലാശാല നടത്തി വന്നിരുന്നു. ഈ പ്രോഗ്രാം കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി നവീകരിച്ചാണ് പുതിയ പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. സർവകലാശാല കാമ്പസിലാണ് പ്രോഗ്രാമുകൾ നടക്കുക.
ഇന്റഗ്രേറ്റഡ് എം.എ. സോഷ്യൽ സയൻസസ്
ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ മൂന്നു മെയിൻ ഉൾക്കൊള്ളുന്നതാണ് സോഷ്യൽ സയൻസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ബി.എ., എം.എ. കോഴ്‌സുകൾ സംയോജിപ്പിച്ചാണ് പഞ്ചവത്സര പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. മുപ്പതു സീറ്റുകളാണുള്ളത്. മൾട്ടി ഡിസിപ്ലിനറി പഠനപദ്ധതിയാണിത്. ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ ബി.എ. തലത്തിൽ ഇക്കണോമികസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമുകളാണുള്ളത്. എം.എ. തലത്തിൽ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ആന്ത്രപ്പോളജി, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ്, ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്‌സ്, ആന്ത്രപ്പോളജി എന്നീ പ്രോഗാമുകളാണുള്ളത്. സാമ്പ്രദായിക വിഷയങ്ങളിലുള്ള കോഴ്‌സുകൾക്കു പുറമേ നൂതനമായ വിവിധ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാകും. അധ്യാപകൻ മാർഗദർശിയാകുന്ന ഒരു സെമസ്റ്റർ പൂർണമായുള്ള ഫീൽഡ് വർക്ക് നിർബന്ധമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അക്കാദമിക പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാകും. ഔട്ട്കം ബേസ്ഡ് പാഠ്യപദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. പ്ലസ് ടു വിന് 60 ശതമാനം മാർക്കോടെ പാസാകുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം ലഭിക്കുക. മൂന്നുവർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ബി.എ. കരസ്ഥമാക്കാം. അല്ലെങ്കിൽ സ്‌പെഷലൈസ്ഡ് വിഷയത്തിൽ പി.ജി. പൂർത്തീകരിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.എ. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സീറ്റൊഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ പി.ജി. പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി സൗകര്യവുമുണ്ട്.
ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ്
കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കമ്പ്യൂട്ടർസയൻസ്, എൺവയോൺമെന്ററൽ സയൻസ് വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം. ത്രിവൽസര ഫൗണ്ടേഷൻ കോഴ്‌സായ ബി.എസ് സി.യും പി.ജി. കോഴ്‌സായ എം.എസ് സി.യും സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിലാണ്(ഐ.ഐ.ആർ.ബി.എസ്) പ്രോഗ്രാം നടക്കുക. പ്രത്യേകം തയാറാക്കിയ ഇന്റർ/മൾട്ടി ഡിസിപ്ലിനറി പാഠ്യപദ്ധതിയാണ് പ്രോഗാമിനുള്ളത്. രാജ്യാന്തരനിലവാരത്തിലുള്ള പഠനം ലഭ്യമാകും. ശാസ്ത്ര വിഷയങ്ങൾക്ക് പുറമേ സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, വിദേശഭാഷകൾ ഉൾപ്പടെയുള്ള ഭാഷപഠനം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.
സ്‌പെഷിലൈസേഷൻ ചെയ്യുന്ന വിഷയങ്ങളിൽ ഉയർന്ന ശേഷി കൈവരിക്കാൻ കഴിയുന്ന നിലയിലാണ് പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. അത്യാധുനിക ലാബ് സൗകര്യങ്ങൾ ലഭ്യമാകുന്നതിനൊപ്പം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായോഗിക പരീശീലനവും ലഭിക്കും. രാജ്യത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രോജക്റ്റ്, ഇന്റേൺഷിപ്പ് എന്നീ സൗകര്യങ്ങളടക്കം വിഭാവനം ചെയ്യുന്നതാണ് പാഠ്യപദ്ധതി. മൊത്തം 20 സീറ്റിലേക്കാണ് പ്രവേശനം. ഓരോ വിഷയത്തിലും നാലു സീറ്റ് വീതമാണുള്ളത്. സയൻസ് വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ജയമാണ് യോഗ്യത.
പ്രവേശനം
രാജ്യാന്തരതലത്തിൽ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് പ്രഗത്ഭരായ അധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും ക്ലാസുകളിലും സെമിനാറുകളിലും പങ്കെടുക്കാൻ രണ്ടു പ്രോഗാമുകളിലൂടെയും അവസരം ലഭിക്കും. വിദ്യാർഥികൾക്ക് രാജ്യാന്തരതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടാം. ഈ അക്കാദമിക വർഷം പ്രോഗ്രാം ആരംഭിക്കും. ദേശീയതലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശനപരീക്ഷ സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിജ്ഞാപനം ഉടനുണ്ടാകും.
പ്രാക്ടിക്കൽ മാറ്റിവച്ചു
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളജിൽ ഓഗസ്റ്റ് മൂന്നു മുതൽ നടത്താനിരുന്ന തേഡ് പ്രൊഫഷണൽ ബി.എ.എം.എസ്. മേഴ്‌സി ചാൻസ് പരീക്ഷയുടെ(2020 ഫെബ്രുവരി) പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ബി.എഡ്. മൂന്നാംസെമസ്റ്റർ ഓൺലൈൻ ക്ലാസുകൾ
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ ബി.എഡ്. കോളജുകളിലെ മൂന്നാം സെമസ്റ്റർ ബി.എഡ്. ക്ലാസുകൾ ഓഗസ്റ്റ് മൂന്നു മുതൽ ഓൺലൈനായി ആരംഭിക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
പരീക്ഷഫലം
2019 നവംബറിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്. 2017-2019 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെലോ ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൺവയോൺമെന്റൽ സയൻസസിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റിന്റെയും സീനിയർ റിസർച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഓരോ ഒഴിവു വീതമാണുള്ളത്. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത, പരിചയം, പബ്ലിക്കേഷനുകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനകം evramasamy@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ നൽകണം.
പട്ടികവിഭാഗം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ചെലവ് തുക അക്കൗണ്ടുകളിൽ നൽകണം
കോവിഡ് 19 പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അധ്യയനം നടക്കാത്ത സാഹചര്യത്തിൽ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലഭ്യമാകുമായിരുന്ന ചെലവിനുള്ള തുക അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് സഹായം ഉറപ്പാക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകി.
കേരളാ പോലീസിൽ സിവിൽ പോലീസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികളിലേക്ക് പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെൻറിന് ആഗസ്റ്റ് മൂന്നു വരെ അപേക്ഷിക്കാമെന്ന വിവരം പ്രൊമോട്ടർമാർ മുഖേന പട്ടികവർഗ കോളനികളിൽ വ്യാപക പ്രചാരണം നൽകാൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. വയനാട്, മലപ്പുറം ജില്ലകളിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ളോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലേയും വനാർത്തികളിലെയും സെറ്റിൽമെൻറ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്കാണ് സ്‌പെഷ്യൽ റിക്രൂട്ട്മെൻറ്.
ലൈഫ് പദ്ധതിയുടെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടാത്ത ഭവന/ഭൂരഹിതർക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാമെന്നതും പ്രൊമോട്ടർമാർവഴി വ്യാപക പ്രചാരണം നടത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ നിർദേശം നൽകി.
നൈപുണ്യ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം
സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നൽകുന്ന എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത വൊക്കേഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടിൽ (എൻ.എസ്.ക്യൂ.എഫ്) അധിഷ്ഠിതമായ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ സർക്കാർ/അർദ്ധസർക്കാർ/സ്വകാര്യ മേഖലകളിലെ ജോലിക്ക് പരിഗണിക്കും. പ്രശസ്ത തൊഴിൽശാലകളുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം. 389 സ്‌കൂളുകളിലായി 1101 ബാച്ചുകളിലായാണ് കോഴ്‌സുകൾ.
അഗ്രികൾച്ചർ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വെയർ, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ഐ.റ്റി.-ഐ.റ്റി അധിഷ്ഠിത സർവ്വീസുകൾ, ഊർജ്ജമേഖല, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്‌സ്റ്റൈൽസ് ആൻഡ് ഹാന്റ്‌ലൂം, അപ്പാരൽ, കെമിക്കൽ ആൻഡ് പെട്രോ കെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിങ് അസോസിയേഷൻ, ഹെൽത്ത് ഹെയർ, ബ്യൂട്ടി ആൻഡ് വെൽനസ്, ഫുഡ് ഇൻഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്‌കിൽ ഇനിഷിയേറ്റീവ്, സ്‌പോർട്‌സ്, ബാങ്കിംഗ് ഫിനാൻഷ്യൽ സർവ്വീസസ് ആൻഡ് ഇൻഷുറൻസ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് കോഴ്‌സുകൾ. http://www.vhscap.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.
Read more: July 29, 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ