Sree Sankaracharya University of Sanskrit, Announcements: ശങ്കരാചാര്യ സംസ്‍കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‍കൃത യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെ‍ന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 12.08.2020 ബുധനാഴ്ച, ഉച്ചയ്ക്ക് 2.30 മണിയ്ക്ക് ‘പ്ലസ് ടു വിനു ശേഷം ഉപരിപഠന കോഴ്സുകളും ജോലി സാധ്യതകളും’ എന്ന വിഷയത്തില്‍ ഒരു സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്നു. കരിയര്‍ വിദഗ്ധനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫുമായ എം.വി. പോളച്ചന്‍ ക്ലാസുകള്‍ നയിക്കുന്നു. നിലവില്‍ പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്നവര്‍ക്കും കോഴ്സ് കഴിഞ്ഞവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 8078857553, 8281353316.

Kerala University Announcements: കേരള സർവകലാശാല അറിയിപ്പുകൾ

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020: ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ആഗസ്റ്റ് 17

കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രൊഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള കോളേജുകളില്‍ (സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുളള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 17 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയയ്ക്കരുത്. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 8281883053 എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.

എം.ബി.എ പ്രവേശനം-സ്‌കോര്‍കാര്‍ഡ് സമര്‍പ്പിക്കാം

എം.ബി.എ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവരും അവരുടെ സ്‌കോര്‍ കാര്‍ഡും യൂണിവേഴ്‌സിറ്റി അപേക്ഷാ നമ്പറും ഐ.എം.കെ-യ്ക്ക് mbaadmissionimke2020@gmail.com , യു.ഐ.എം-ന് mbaadmissionuimku2020@gmail.com എന്നിവയിലേക്ക് ആഗസ്റ്റ് 12 രാത്രി 10 മണിക്ക് മുമ്പ് അയക്കേണ്ടതാണ്. സ്‌കോര്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ചവരെ മാത്രമെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കയുളളൂ. ഇതിനകം സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല.

എം.ബി.എ (സായാഹ്നം) കോഴ്‌സിന് അപേക്ഷിച്ചവര്‍ക്ക് അവരുടെ ഡിഗ്രി ഏകീകൃത മാര്‍ക്ക് പട്ടിക, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് mbaadmissionimke2020@gmail.com ലേക്ക് ആഗസ്റ്റ് 12 രാത്രി 10 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. മാര്‍ക്ക് ലിസ്റ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കയുളളൂ. ഇതിനകം സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല.

പ്രാക്ടിക്കല്‍

ജൂലൈ ആറിനും ഏഴിനും എസ്.എന്‍ കോളേജ് ഫോര്‍ വിമെന്‍, കൊല്ലം കോളേജില്‍ വച്ച് നടത്തേണ്ടിയിരുന്ന ബി.എ ആറാം സെമസ്റ്റര്‍ മ്യൂസിക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 12 നും (MU1661 – elective), ആഗസ്റ്റ് 14 നും (MU1645-concert) അതേ കേന്ദ്രത്തില്‍ വച്ച് രാവിലെ 9.30 മുതല്‍ നടത്തുന്നതാണ്.

ടൈംടേബിള്‍

2019 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ് വൈവ പരീക്ഷ ആഗസ്റ്റ് 13 ന് ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം വഴി നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2019 ഒക്‌ടോബറില്‍ നടത്തിയ ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷന്‍) മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 13 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2019 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്കുളള അപേക്ഷകള്‍ ആഗസ്റ്റ് 18 ന് മുന്‍പായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ

 പുതിയ സിൻഡിക്കേറ്റിൻറെ നയപ്രഖ്യാപനം

കണ്ണൂർ: ‘മത നിരപേക്ഷ വികേന്ദ്രീകൃത ജനാധിപത്യ സമൂഹം; ജനപക്ഷ വിദ്യാഭ്യാസത്തിലൂടെ വികസന തുടർച്ച’ എന്ന വികസന നയം അംഗീകരിച്ചുകൊണ്ടാണ് പുതിയ സിൻഡിക്കേറ്റിൻറെ ആദ്യ യോഗം തുടങ്ങിയത്. സാങ്കേതികമികവിൽ അധിഷ്ഠിതമായ മതനിരപേക്ഷ ജനകീയ സർവകലാശാലയായി കണ്ണൂർ സർവകലാശാലയെ വികസന പാതയിലേക്ക് നയിക്കുകയെന്നതാണ് സിൻഡിക്കേറ്റിൻറെ ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.

ബിരുദ ബിരുദാനന്തര തലത്തിലുള്ള 70 പഠന ബോർഡുകൾ (ബോർഡ് ഓഫ് സ്റ്റഡീസ്) പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിനായി നാമനിർദ്ദേശം തയ്യാറാക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ രൂപീകരിച്ചു. ഐ.ടി പഠനവകുപ്പിന് കീഴിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻറ് അനലറ്റിക്സ് എന്ന കോഴ്സ് ആരംഭിക്കാൻ തീരുമാനിച്ചു. കോഴ്സിൻറെ വിശദാംശങ്ങൾ ഐ.ടി പഠനവകുപ്പ് തയ്യാറാക്കും.

വിവിധ പഠനവകുപ്പുകളിലെ ട്യൂഷൻ ഫീസും മറ്റ് ഫീസുകളും കോവിഡ് പ്രതിസന്ധി പരിഗണിച്ച് 2021 ജനുവരി വരെയുള്ള കാലയളവിൽ മൂന്ന് ഗഡുക്കളായി അടക്കുന്നതിന് ഇളവ് നൽകാൻ തീരുമാനിച്ചു. സുരേഷ് ടി.പി, പ്രസൂൺ പ്രസന്നൻ (ഭൌതിക ശാസ്ത്രം), ശശി എം. ടി (മലയാളം), ശ്വേത ടി.വി (ജിയോളജി) എന്നീ നാല് ഗവേഷക വിദ്യാർത്ഥികളുടെ പി.എച്ച്ഡിക്ക് അംഗീകാരം നൽകി.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ നയത്തിനനുസൃതമായി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി റീചാർജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചു. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

നാടുകാണി അൽ-മഖർ അറബിക് കോളേജിനെ 2020-21 അധ്യയന വർഷത്തെ പ്രവേശന പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. സർവകലാശാല ഫീസുകൾ അടയ്ക്കാതിരുന്നതിനാൽ നേരത്തെ കോളേജിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

സർവകലാശാല ക്യാമ്പസിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ഓഫീസറോട് മോശമായി പെരുമാറിയ സംഭവത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് അംഗീകരിച്ചു. ഇക്കാര്യത്തിൽ ജീവനക്കാരായ ജയൻ ചാലിൽ, കെ.പി പ്രേമൻ എന്നിവരുടെ നടപടി ശരിയായില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി.

സിൻഡിക്കേറ്റിൻറെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളും ഉപസമിതികളും രൂപീകരിച്ചു.

സ്ഥിരം സമിതികളും കൺവീനർമാരും :-

1. പൊതുകാര്യം, ഓഫീസ്, ജീവനക്കാർ- ഡോ. വി.പി.പി മുസ്തഫ
2. ധനകാര്യ സ്ഥിരം സമിതി- അഡ്വ. പി സന്തോഷ് കുമാർ
3. ആസൂത്രണ നിർവഹണ സ്ഥിരം സമിതി- എൻ. സുകന്യ
4. പരീക്ഷാകാര്യ സ്ഥിരം സമിതി- ഡോ. കെ.ടി ചന്ദ്രമോഹനൻ
5. കോഴ്സ്, റിസേർച്ച്, ലൈബ്രറി & പബ്ലിക്കേഷൻ- ഡോ. കെ. ശ്രീജിത്ത്
6. അഫിലിയേറ്റഡ് കോളേജ് ജീവനക്കാർ- പ്രമോദ് കുമാർ കെ.വി
7. നിയമകാര്യ സ്ഥിരം സമിതി- ഡോ. പി.പി ജയകുമാർ
8. ഐ.ടി & ഇ ഗവേണൻസ്- എം.സി രാജു
9. വിദൂര വിദ്യാഭ്യാസ സ്ഥിരം സമിതി- എം. ശ്രീലേഖ
10. വിദ്യാർത്ഥി ക്ഷേമ സ്ഥിരം സമിതി- ഡോ. രാഖി രാഘവൻ

ഉപസമിതികൾ

1. എക്സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റി- ഡോ. ടി.പി അഷ്റഫ്
2. സെൽഫ് ഫിനാൻസിങ് കോളേജ് മോണിറ്ററിങ് കമ്മിറ്റി- അഡ്വ. പി സന്തോഷ് കുമാർ
3. കരിക്കുലം സിലബസ് റീസ്ട്രക്ചറിങ് കമ്മിറ്റി- പ്രമോദ് കുമാർ കെ.വി

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് സൗജന്യ ജേർണലിസം കോഴ്‌സ്

പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരുവർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിലേക്ക് 20 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷ മാർക്കിന്റെയും ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org യിൽ അപേക്ഷിക്കാം. ഫോൺ: 0471 2533272, ഇ-മെയിൽ: icsets@gmail.com.

Read more: University Announcements 07 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook