കണ്ണൂർ: വിദ്യാർഥികൾക്ക് ഉപരിപഠനം സംബന്ധിച്ചു മാർഗനിർദേശം നൽകാനും തൊഴിലവസരങ്ങളെക്കുറിച്ച് അറിയിപ്പു നൽകാനും ഫെയ്സ്ബുക്ക് പേജുമായി കണ്ണൂർ സർവകലാശാല. കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിലാണു പേജ് ആരംഭിച്ചത്. ബ്യൂറോ മേധാവി ‍ഡോ.യു.ഫൈസലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപമേധാവി പ്രമോദ്കുമാർ, മുൻ ഉപമേധാവി ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

കോഴ്സ് കഴിഞ്ഞ വിദ്യാർഥികൾക്കു കോവിഡ് കാലത്ത് ഏറെ ഗുണകരമാകും ഈ പേജ് എന്ന് വിസി പറഞ്ഞു. എംപ്ലോയ്മെന്റ് ബ്യൂറോയുടെ കീഴിൽ ആരംഭിക്കുന്ന മോഡൽ കരിയർ സെന്റർ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഉടൻ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്തെ രണ്ടാമത്തെ കേന്ദ്രമാണിത്. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകൾ നടത്തുന്ന കോഴ്സുകളെക്കുറിച്ചുള്ള വിവരം ഇവിടെ ലഭ്യമാകുമെന്നും തൊഴിൽ സംബന്ധമായ അഭിമുഖങ്ങൾ ഇവിടെ നടത്താനാകുമെന്നും ഡോ. യു.ഫൈസൽ അറിയിച്ചു.

വിദ്യാർത്ഥികൾക്കായി മൂഡിൽ പ്ലാറ്റ്ഫോമൊരുക്കി കണ്ണൂർ സർവകലാശാല

സ്വതന്ത്ര്യ സോഫ്റ്റ് വെയറായ മൂഡിൽ ലേണിങ് മാനേജ്മെൻറ് സിസ്റ്റം വഴി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകുന്നതിനായി കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകി. നൂറ്റിപന്ത്രണ്ട് അധ്യാപകർ പങ്കെടുത്ത പരിശീലന പരിപാടിയിലൂടെ സർവകലാശാലയുടെ സേർവറിൽ 90 കോഴ്സ് പേജുകൾ നിർമ്മിച്ചു.

മൂഡിൽ, ബിഗ് ബ്യൂ ബട്ടൺ എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. വ്യത്യസ്ത ഇൻറർനെറ്റ് ടൂളുകൾ ഉപയോഗിച്ച് ഇൻററാക്ടീവ് ഓൺലൈൻ ക്ലാസ്സ്മുറികൾ സജ്ജീകരിച്ചാണ് പഠനം നടത്തുക. മൂഡിൽ പ്ലാറ്റ്ഫോം ഒരുക്കുന്നതിലൂടെ അധ്യാപകർക്ക് ക്ലാസ്സ്മുറികളിലെ അനുഭവങ്ങൾ സൃഷ്ടിച്ച് ഓൺലൈൻ പഠനം കൂടുതൽ ആകർഷകമാക്കാനാവും. സർവകലാശാലയുടെ ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി) നേതൃത്വം നൽകിയ പരിശീലന പരിപാടിയ്ക്ക് വേണ്ട സാങ്കേതിക സൌകര്യം ഒരുക്കിയത് ഐ.ടി സെൻററാണ്.

താനൂർ ഗവ. കോളേജ് അസി. പ്രൊഫ ഡോ. അഷ്ക്കറലി, പാലക്കാട് വികടോറിയ കോളേജ് അസി. പ്രൊഫ ഡോ. എ.ആർ രമേഷ്, തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി അസി. പ്രൊഫ ഡോ. കെ ബിജു എന്നിവർ പത്ത് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വി.സി ഡോ. പി.ടി രവീന്ദ്രൻ, കോഴ്സ് കോർഡിനേറ്റർ ഡോ. യു ഫൈസൽ, സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ പ്രസാദൻ, ഐ.ടി സെൻറർ ഡയറക്ടർ ഡോ. സുനിൽ കുമാർ ആർ.കെ എന്നിവർ പങ്കെടുത്തു.

അപേക്ഷാ തീയതി നീട്ടി

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. എ./ എം. കോം./ എം. എസ് സി. പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 18.08.2020 വരെ നീട്ടി.

ഇപ്പോൾ ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 18.08.2020 വരെ നീട്ടി.

അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 25.08.2020 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2020-21 അധ്യയന വർഷത്തിൽ ബിരുദ പ്രോഗ്രാമുകളിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ മൂന്നാം സെമസ്റ്ററിലേക്കും കോളേജ് മാറ്റത്തിനും, അഫിലിയേറ്റഡ് കോളേജുകളിലും പഠന വകുപ്പുകളിലും പുനഃപ്രവേശനത്തിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ആഗസ്റ്റ് 4 മുതൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഓപ്പൺ ഡിഫൻസ്

ഫിലോസഫിയിൽയിൽ ഗവേഷണം നടത്തുന്ന പ്രകാശൻ പി, പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 05-08-2020 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ തലശ്ശേരി ഗവ: ബ്രെണ്ണൻ കോളേജിലെ ഫിലോസഫി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

Read more: തൃക്കാക്കര കോളേജിൽ ഈ വർഷം മുതൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സും

കോവിഡ് വ്യാപനം: കാലിക്കറ്റ് സർവകലാശാല അടച്ചുപൂട്ടി

കോവിഡ് 19 രോഗ വ്യാപനത്തെ തുടർന്ന് കൊണ്ടോട്ടി താലൂക്കിനെ പൂർണ്ണമായി കണ്ടയ്ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചതിനാൽ കാലിക്കറ്റ് സർവകലാശാല ഓഫീസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവർത്തിക്കുന്നതല്ല. അത്യാവശ്യ സർവ്വീസുകളായ സെക്യൂരിറ്റി, വാട്ടർ ആന്റ് ഇലക്ട്രിസിറ്റി, ഫിനാൻസ് (ശമ്പള, പെൻഷൻ കാര്യങ്ങൾക്ക് മാത്രം) എന്നീ വിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. നേരത്തേ നിശ്ചയിച്ച യോഗങ്ങളും പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്. ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യും.

എം ജി യൂണിവേഴ്സിറ്റി

ബി.എ./ബി.എഫ്.എ. പ്രവേശനം; ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മൂസിക് ആന്റ് ഫൈൻ ആർട്‌സിലെ ബി.എ. (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം), ബി.എഫ്.എ. (നാല് വർഷം – പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, സ്‌കൾപ്ചർ) പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2020 ജൂണിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (റഗുലർ, സപ്ലിമെന്ററി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന 2018-2020 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

‘സ്‌പെഷൽ എജ്യൂക്കേഷൻ കോഴ്‌സുകളും തൊഴിൽ സാധ്യതകളും’; വെബിനാർ ഓഗസ്റ്റ് അഞ്ചിന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് (ഐ.ആർ.എൽ.ഡി.) എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എ.ഡബ്ല്യു.എച്ചുമായി സഹകരിച്ച് ‘സ്‌പെഷൽ എജ്യൂക്കേഷൻ കോഴ്‌സുകളും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തിൽ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10ന് വെബിനാർ നടത്തുന്നു. ഗൂഗിൾ മീറ്റ് വഴി നടത്തുന്ന വെബിനാറിൽ പ്രവേശനം സൗജന്യമാണ്. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുനരധിവാസമേഖലകളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. റിസോഴ്‌സ് പേഴ്‌സൺ: ഡോ. കെ.എം. മുസ്തഫ (ഡയറക്ടർ, ഐ.ആർ.എൽ.ഡി., സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്). വിശദവിവരത്തിന് ഫോൺ: 8304887715.

 

ബി എസ് സി ഫുഡ് ടെക്നോളജി കോഴ്സിലേക്കുള്ള അഡ്മിഷൻ

പത്തനംത്തിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ (സി എഫ് ആർ ഡി) കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി എഫ് റ്റി കെ) നടത്തുന്ന ബി എസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2020 ആഗസ്ത് 16. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദർശിക്കുക.

എ. പി. സി. സമർപ്പണം

രണ്ടാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ്. – ഒ. ബി. ഇ.) ഏപ്രിൽ 2020 പരീക്ഷക്ക് രജിസ്റ്റർ ചെയ്ത റെഗുലർ വിദ്യാർഥികളുടെ എ. പി. സി. 07.08.2020 മുതൽ 14.08.2020 ഓൺലൈനായി സമർപ്പിക്കണം.

ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ മാറ്റി

ആഗസ്റ്റ് എട്ട് മുതൽ പത്തു വരെ നടത്താനിരുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യത പരീക്ഷ മാറ്റിവച്ചതായി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook