ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്ര, സംസ്ഥാന ബോര്‍ഡുകളിലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനായി ഒരേ മാനദണ്ഡം അവതരിപ്പിക്കാനാണ് നീക്കം. നിലവില്‍ കേന്ദ്ര, സംസ്ഥന ബോര്‍ഡുകള്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) സംസ്ഥാന ബോർഡുകളുടെയും സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെയും (എസ്‌സിഇആർടി) പ്രതിനിധികളുമായി പദ്ധതി നടപ്പാക്കുന്നതിന് ഒരു പൊതു ധാരണയിലെത്താൻ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അസസ്മെന്റ് റെഗുലേറ്റര്‍ രൂപികരിക്കുകയും ചെയ്തു.
അസസ്മെന്റ് റെഗുലേറ്റര്‍, പിഎആര്‍എകെഎച്ച് (Performance Assessment, Review and Analysis of Knowledge for Holistic Development) എന്‍സിആര്‍ടിയുടെ ഘടക യൂണിറ്റായി പ്രവര്‍ത്തിക്കും.
മിക്ക സംസ്ഥാനങ്ങളും വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള എന്‍ഇപി (ദേശിയ വിദ്യാഭ്യാസ നയം) നിർദ്ദേശം അംഗീകരിച്ചതായാണ് അറിയാന്‍ സാധിച്ചത്, വിദ്യാർത്ഥികള്‍ക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു പരീക്ഷ ഉൾപ്പെടെയാണിത്. ഗണിതശാസ്ത്രത്തിൽ രണ്ട് തരം പേപ്പറുകൾ നൽകാനുള്ള നിർദ്ദേശവുമുണ്ട്, ഒന്ന് സാധരണ പരീക്ഷയ്ക്കായി, മറ്റൊന്ന് ഉയർന്ന തലത്തിലുള്ള മത്സരബുദ്ധി പരിശോധിക്കാൻ.
“വിദ്യാര്‍ഥികള്‍ക്ക് കണക്കിനോടുള്ള ഭയം കുറയ്ക്കാനും, പഠനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഒട്ടുമിക്ക വിഷയങ്ങള്‍ക്കും രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ (എംസിക്യു – മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍, വിശദമായി എഴുതേണ്ടവ) അവതരിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഇതിന് അനുകൂലമായ സമീപനമാണ് ഉണ്ടായത്,” വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പിഎആര്‍എകെഎച്ച് സ്ഥാപിക്കുന്നതിനായി ഈ മാസം ആദ്യം കേന്ദ്രം അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
ഇന്ത്യയിലെ എല്ലാ അംഗീകൃത സ്കൂൾ ബോർഡുകൾക്കുമായി വിദ്യാർത്ഥികളുടെ മൂല്യനിര്‍ണയത്തിനായി മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും സജ്ജമാക്കുക. സ്കൂൾ ബോർഡുകളെ അവരുടെ മൂല്യനിർണ്ണയ ശൈലി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവശ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതിന് സഹായിക്കുക എന്നിവയാണ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.
സിബിഎസ്ഇ സ്കൂളുകളിലെ സഹപാഠികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സംസ്ഥാന ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് കോളേജ് പ്രവേശന സമയത്ത് ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കാൻ ഇത് സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ടെസ്റ്റുകളുടെ രൂപകൽപന, പെരുമാറ്റം, വിശകലനം, റിപ്പോർട്ടിങ് എന്നിവയ്ക്കുള്ള സാങ്കേതിക മാനദണ്ഡങ്ങൾ ഇത് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും.