/indian-express-malayalam/media/media_files/uploads/2022/08/iit-d-12001.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. യുകെ, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ ഐഐടി ക്യാമ്പസുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തി. ആഗോളവിപുലീകരണത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സമിത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ ഏഴ് രാജ്യങ്ങളും ഐഐടിക്ക് അനുയോജ്യമായ നിരവധി പ്രധാന ഘടകങ്ങളുണ്ട്.
അക്കാദമിക് വശം, മികച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും ആകര്‍ഷിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം, ഐഐടിയുടെ ബ്രാന്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാധ്യതകള്‍ തുടങ്ങിയവയെല്ലാം പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുടെ 26 തലവന്മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഫെബ്രുവരി രണ്ട്, മാർച്ച് 28 തീയതികളിൽ സമിതിയും എംബസി ഉദ്യോഗസ്ഥരും തമ്മിൽ രണ്ട് വെർച്വൽ സെഷനുകൾ സംഘടിപ്പിച്ചിരുന്നു.
യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഐഐടി ഡല്‍ഹിയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 ല്‍ ഓണ്‍ലൈനായെങ്കിലും തുടക്കം കുറിക്കാന്‍ ഈജിപ്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമിതിയിതിന് അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചത്.
ഐഐടി വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കുക എന്ന ആശയം പുതിയതല്ല. അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ഡല്‍ഹി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഐഐടി മദ്രാസ് ലക്ഷ്യമിടുന്നത്.
നിലവിലെ ചര്‍ച്ചകള്‍ നടക്കുന്നത് ഐഐടിയുടെ ഓരോ കേന്ദ്രങ്ങളും പ്രത്യേകമായിട്ടാണ്. ഇത് ഒരു കുടക്കീഴിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലായിരിക്കും ഇവ സ്ഥാപിക്കപ്പെടുക.
സമിതിയുടെ റിപ്പോർട്ടിൽ ഭൂട്ടാൻ, നേപ്പാൾ, ബഹ്‌റൈൻ, ജപ്പാൻ, താൻസാനിയ, ശ്രീലങ്ക, വിയറ്റ്‌നാം, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നിവ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ താഴെയായാണ് വരുന്നത്. അധികാരികള്‍ ഈ രാജ്യങ്ങളിലും ഐഐടി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.