/indian-express-malayalam/media/media_files/uploads/2023/05/students.jpg)
പ്രതീകാത്മക ചിത്രം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020) ഭാഗമായി പുതിയ ബിരുദ കോഴ്സ് നിർദേശിച്ച് യുജിസി കമ്മിറ്റി. നിലവിൽ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബാച്ചിലർ ഓഫ് ആർട്സ് (BA) ബിരുദവും സയൻസ് വിഷയങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദവും നൽകാനാണ് സർവകലാശാലകളെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് ബാച്ചിലർ ഓഫ് സയൻസ് (ബിഎസ്) എന്ന പേരിൽ പുതിയ ബിരുദ പ്രോഗ്രാം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യുജിസി.
ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പുനഃക്രമീകരണത്തെക്കുറിച്ച് എൻഇപി 2020 ൽ പറയുന്നുണ്ട്. ബിരുദ കോഴ്സുകൾ 4 വർഷമാക്കണമെന്ന ശുപാർശയെക്കുറിച്ചും ബാച്ചിലർ ഓഫ് സയൻസ് (BS) ബിരുദ കോഴ്സ് അവതരിപ്പിക്കുന്നതിനെക്കുറിച്ചും അവലോകനം ചെയ്യാൻ യുജിസി ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
അതുപോലെ, ആർട്സ്, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ ഒന്നും രണ്ടും വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് മാസ്റ്റർ ഓഫ് സയൻസ് (എംഎസ്) എന്ന പേര് സർവകലാശാലകൾക്ക് സ്വീകരിക്കാവുന്നതാണ്. എല്ലാ വിഷയങ്ങളിലെയും ബിരുദങ്ങൾക്ക് ബിഎസ് എന്ന് ഉപയോഗിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, സയൻസ് പ്രോഗ്രാമുകൾക്ക് ബിഎയും എംഎയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല.
അഞ്ചു പേരടങ്ങിയ കമ്മിറ്റിയുടെ ശുപാർശകൾ അധികം വൈകാതെ ഫീഡ്‌ബാക്കിനായി ഉടൻ പുറത്തുവിടുമെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചത്. അതിനുശേഷം കമ്മീഷൻ ബിരുദ കോഴ്സുകളുടെ പുതിയ പേരുകൾ അറിയിക്കും.
എല്ലാ വിഷയങ്ങളിലെയും ബിരുദ പ്രോഗ്രാമുകൾക്കായി ബിഎയും ബിഎസും ഉപയോഗിക്കുന്നത് വിദേശത്ത് വ്യാപകമായ ഒരു സമ്പ്രദായമാണ്. അവിടെ സൈക്കോളജിയിലോ സാമ്പത്തിക ശാസ്ത്രത്തിലോ ബിഎ, ബിഎസ് ബിരുദങ്ങൾ സർവകലശാലകൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഹാർവാർഡ് യൂണിവേഴ്സിറ്റി എൻജിനീയറിങ് സയൻസസിൽ ബിഎയും ബിഎസ് ബിരുദവും നൽകുന്നുണ്ട്.
കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ നടന്ന യുജിസി യോഗത്തിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തിട്ടുണ്ട്. പുതിയ ഡിഗ്രി പേരുകൾ അന്തിമമാക്കുന്നതിന് മുമ്പ് ഫീഡ്‌ബാക്കിനായി ശുപാർശകൾ പരസ്യമായി വെളിപ്പെടുത്താൻ കമ്മീഷൻ ചർച്ചകൾക്ക് ശേഷം തീരുമാനിച്ചിട്ടുണ്ട്.
പുതിയ ബിരുദ പേരുകൾ ഭാവിയിൽ മാത്രമേ ബാധകമാകൂവെന്നും, പഴയ ബിരുദ പേരുകൾ തുടർന്നും ഉപയോഗിക്കാമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, നാല് വർഷത്തെ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാമിനൊപ്പം നിലവിലെ മൂന്ന് വർഷത്തെ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാമും തുടരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.