ന്യൂഡൽഹി: ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ക്യാംപസുകളിലും ഒരു മാനസികാരോഗ്യ കൗൺസിലറെ നിയമിക്കാൻ ചൊവ്വാഴ്ച ഐഐടി ഭുവനേശ്വറിൽ ചേർന്ന ഐഐടി കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ അധ്യക്ഷതയിൽ ചേർന്ന ഏഴുമണിക്കൂറിലേറെ നീണ്ട യോഗത്തിലാണ് തീരുമാനം. എൻജിനീയറിങ് കോളേജുകളിലേക്കുള്ള പൊതുപ്രവേശനത്തിൽ ജെഇഇ അഡ്വാൻസ്ഡ് ഉൾപ്പെടുത്താനുള്ള നിർദേശവും യോഗത്തിൽ ചർച്ച ചെയ്തു. ഇത് പല ഐഐടികളുടെ ഡയറക്ടർമാരിൽ നിന്നും ചെയർപേഴ്‌സൺമാരിൽ നിന്നും എതിർപ്പ് നേരിട്ടു.
പല ഐഐടികളും ട്യൂഷൻ ഫീസ് വർധനയുടെ ആവശ്യകതയെക്കുറിച്ച് യോഗം വിശദീകരിച്ചു. അതിനെക്കുറിച്ചുള്ള ചർച്ച അജണ്ടയിലുണ്ടായിരുന്നുവെങ്കിലും തീരുമാനമായില്ലെന്ന് വൃത്തങ്ങൾ പറയുന്നു.
യോഗത്തിൽ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ദീർഘനേരം ചർച്ച ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിവേചനങ്ങളെ നീക്കം ചെയ്യാൻ ശക്തമായ സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ധർമേന്ദ്ര പ്രധാൻ ഊന്നിപ്പറഞ്ഞു.
“അടുത്തിടെ, ഐഐടി ക്യാംപസുകളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലതൊക്കെയുണ്ടായി. ഒരു ക്യാംപസിലും ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഫാക്കൽറ്റികളുടെയും ഡീൻമാരുടെയും ഡയറക്ടർമാരുടെയും ഉത്തരവാദിത്തമാണ്. ഇതൊരു സാമൂഹിക വെല്ലുവിളിയാണ്,” യോഗത്തിനുശേഷം പ്രധാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നതിനും, ചില സന്ദർഭങ്ങളിൽ മറ്റു കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങുന്നതിനും പിന്നിലെ കാരണങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഓരോ ഐഐടിക്കും നിർദേശം നൽകിയിട്ടുണ്ട്. തൊഴിൽ തേടി പോകുന്നതിനാൽ ബിരുദ കോഴ്‌സുകളെ അപേക്ഷിച്ച് ബിരുദാനന്തര ബിരുദ തലത്തിൽ കൊഴിഞ്ഞുപോക്ക് കൂടുതലാണെന്ന് നീരീക്ഷിച്ചതായി വൃത്തങ്ങൾ പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് ഐഐടികളിൽ പ്രത്യേക യോഗം ചേരാൻ സാധ്യതയുണ്ട്. ഇതിനായി വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ക്ഷണിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.
“നിലവിലെ 1:20 എന്ന അനുപാതത്തെ അപേക്ഷിച്ച് വിദ്യാർഥി അധ്യാപക അനുപാതം 1:10 ആയി ഉയർത്താൻ കൗൺസിൽ അംഗങ്ങൾ നിർദേശിച്ചു. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഇത് അധ്യാപകരെ സഹായിക്കും. ക്ലാസ് റൂം ഹാജർ, ഹോസ്റ്റൽ ഹാജർ എന്നിവയിലൂടെ പ്രശ്നങ്ങളുള്ള വിദ്യാർഥികളെ കൂടുതൽ തിരിച്ചറിയാനും സാധിക്കും, “ഐഐടി ഭുവനേശ്വർ ഡയറക്ടർ ശ്രീപദ് കർമാൽക്കർ പറഞ്ഞു.
ഐഐടികൾ വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകണമെന്നും എല്ലാത്തരം വിവേചനങ്ങളോടും സഹിഷ്ണുത കാണിക്കരുതെന്നും പ്രധാൻ പറഞ്ഞതായി കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.