scorecardresearch

കാനഡ സ്വപ്നലോകത്തെ സ്വർഗരാജ്യമോ? താമസവും ഭക്ഷണവും ജോലിയും കിട്ടാൻ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നെട്ടോട്ടം

കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസവും ജോലിയും ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു. സർവ്വകലാശാലകൾ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങൾ ചെലവേറിയതും ക്ലിപ്തതയുള്ളതുമാണ്. അതിനാൽ തന്നെ പോക്കറ്റ്‌ കാലിയാവുന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ സഹായത്തിനായി പരസ്പരമൂന്നുവടികളാകുന്നു

കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസവും ജോലിയും ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു. സർവ്വകലാശാലകൾ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങൾ ചെലവേറിയതും ക്ലിപ്തതയുള്ളതുമാണ്. അതിനാൽ തന്നെ പോക്കറ്റ്‌ കാലിയാവുന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ സഹായത്തിനായി പരസ്പരമൂന്നുവടികളാകുന്നു

author-image
Deeksha Teri
അപ്‌ഡേറ്റ് ചെയ്‌തു
New Update
Canada admissions | Indian students in Canada | Canada PR | Canada citizenship | കാനഡ പഠനം | കാനഡ വിദ്യാഭാസം

കാനഡയിലുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതും വാടകയുടെ വർദ്ധനയും പ്രധാന പ്രശ്നങ്ങളായി മാറിയിരി്ക്കുന്നു

'പഞ്ചാബിലെ മറ്റു പലരെയും പോലെ കാനഡയിൽ സ്ഥിരതാമസമാക്കണമെന്ന സ്വപ്നവുമായാണ് ഞാനും വളർന്നത്. എന്റെ മാതാപിതാക്കൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം പാഴാക്കാൻ ആഗ്രഹിക്കാത്തതിനാൽ, വിദേശത്ത് നിന്ന് ഏതെങ്കിലുമൊരു ബിരുദാന്തരബിരുദമെടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. രണ്ടാമത്തെ ബിരുദാനന്തര ബിരുദം പ്രശസ്ത കനേഡിയൻ സർവ്വകലാശാലയിൽ നിന്ന് നേടുന്നതിനായും പ്രസക്തമായ പ്രവൃത്തി പരിചയവും നേടാൻ ഞാൻ കഠിനമായി പരിശ്രമിച്ചു.'

Advertisment

എന്നാൽ ഒന്റാറിയോയിലെ നോർത്ത് ബേയിലുള്ള എന്റെ കോളേജിൽ എത്തിയപ്പോൾ, എന്നോട് പറഞ്ഞതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. താമസമോ ജോലിയോ ലഭിക്കാത്ത സാഹചര്യം. അവിടുത്തെ സർവ്വകലാശാലകൾ വാഗ്ദാനങ്ങൾ ലംഘിച്ചു. സ്വർഗരാജ്യമെന്ന സ്വപ്ന വിൽപ്പനയിൽ നമ്മൾ വഞ്ചിക്കപ്പെട്ടു, പക്ഷേ, ഞങ്ങൾ അതിജീവനത്തിനായി, ഇപ്പോഴും, കൂടുതൽ ശക്തമായി പോരാടുന്നു.

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിന് മുമ്പുതന്നെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ "പൊള്ളയായ വാഗ്ദാനങ്ങളിൽ തട്ടിത്തകർന്ന ശോഭനമായ ഭാവി" എന്ന യാഥാർത്ഥ്യത്തെയാണ് നേരിടുന്നത്. വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 2,26,450 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലെത്തിയിട്ടുണ്ട്. . ഇത് വിദ്യാർത്ഥികളുടെ അവസരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും കുറയുന്നതിന് പിന്നിലൊരു കാരണമാകാം.

താമസ പ്രശ്നങ്ങൾ

കാനഡയുടെ വടക്കൻ ഭാഗത്തുള്ള ഒരു ചെറിയ പട്ടണമായ ഒന്റാറിയോയിലെ നോർത്ത് ബേയിലെ റിയ* (ആവശ്യ പ്രകാരം പേര് മാറ്റിരിക്കുന്നു) ഉൾപ്പടെ ചില വിദ്യാർത്ഥികൾ ഒരർത്ഥത്തിൽ പെരുവഴിയിലായ സ്ഥിതിയിലാണ്. അവർ പഠിക്കാൻ ചേർന്ന സർവകലാശാലയ്ക്ക് വിദ്യാർത്ഥികളെ താമസിപ്പിക്കാൻ ആവശ്യമായ സൗകര്യമില്ലാത്ത സഹാചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയ്ക്ക് പുറത്ത് ടെന്‍റുകളുണ്ടാക്കി താമസിക്കേണ്ടി വന്നു.

Advertisment

തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് വിദ്യാർഥികൾ സർവ്വകലാശാല അധികൃതരോട് സംസാരിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഇതേ തുടർന്ന് വിദ്യാർത്ഥികൾ സമരം ആരംഭിക്കുകയും അവിടുത്തെ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തപ്പോൾ മാത്രമാണ് സർവകലാശാല പ്രശ്നപരിഹാരത്തിന് തയ്യാറായത്.

publive-image
പാർപ്പിട സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിഷേധിച്ച് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ | Source: Special Arrangement

“ഇന്ത്യയിൽ നിന്ന് തന്നെ താമസ സൗകര്യം ഒരുക്കുന്നതിനായി ഞാൻ ശ്രമിച്ചിരുന്നു. നോർത്ത് ബേയ്ക്ക് ചുറ്റും ധാരാളം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് എനിക്ക് മുന്നറിയിപ്പ് കിട്ടി. അതിനാൽ ഇന്ത്യയിൽ നിന്നുകൊണ്ട് കാനഡയിൽ താമസസൗകര്യമൊന്നും ഒരുക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു, എന്നിരുന്നാലും, ഓഗസ്റ്റ് 21 ന് ഞാൻ കാനഡയിൽ ഇറങ്ങിയപ്പോൾ, അത് ഞെട്ടിക്കുന്ന ഒരു സാഹചര്യമായിരുന്നു. ഞാൻ ബ്രാംപ്ടണിൽ എത്തി, നോർത്ത് ബേയിൽ ഏകദേശം 10 ദിവസത്തോളം തങ്ങാനാവുന്ന താമസ സൗകര്യത്തിനായി തിരഞ്ഞു, പക്ഷേ ഫലമുണ്ടായില്ല. എന്റെ കോളേജിൽ ചേരുന്നതിനായി നോർത്ത് ബേയിലേക്ക് മാറേണ്ടി വന്നപ്പോൾ, ആദ്യത്തെ മൂന്ന് ദിവസത്തെ താമസത്തിനായി എനിക്ക് ഹോട്ടൽ ബുക്ക് ചെയ്യേണ്ടിവന്നു. പ്രതിദിനം 120 കനേഡിയൽ ഡോളർ ചെലവായി,” റിയ പറഞ്ഞു.

ഇങ്ങനെ അപ്രതീക്ഷിതമായ ചെലവുകളിലൂടെ റിയയുടെ കൈവശമുള്ള പണം കുറഞ്ഞുകൊണ്ടിരുന്നു, അതിനാൽ മറ്റ് മൂന്ന് പെൺകുട്ടികളുമായി മോട്ടൽ മുറി പങ്കിടാൻ തീരുമാനിച്ചു. “വാടക ഓരോ ദിവസവും ഏകദേശം 30 കനേഡിയൽ ഡോളറായി കുറഞ്ഞതിനാൽ എനിക്ക് ഒന്ന് ശ്വാസം വിടാനായി. സഹായത്തിനായി ഞാൻ എന്റെ കോളേജിൽ എത്തി, പക്ഷേ, അവരുടെ പരിമിതികൾ കാരണം തൽക്കാലത്തേക്കെങ്കിലും ഞങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു,” റിയ പറയുന്നു.

നിലവിൽ കാനഡയിലുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ മുറികളില്ലാത്തതും വാടകയുടെ വർദ്ധനയും പ്രധാന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. കാനഡോർ കോളേജിലെയും നോർത്ത് ബേയിലെ നിപിസ്സിങ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികൾ എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ (പ്രതിമാസം 250 ഡോളർ) സ്ഥിരതാമസം നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ, ക്യാമ്പസുകൾക്ക് പുറത്ത്, ചെലവേറിയ നഗരങ്ങളിൽ പ്രതിമാസം ഏകദേശം 650 മുതൽ 750 ഡോളർ വരെയാണ് വാടകയായി നൽകേണ്ടിവരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികൾക്ക് ദിവസങ്ങളോളം ഒരു മോട്ടലിൽ താമസിക്കേണ്ടി വന്നതിനാൽ, അവർക്ക് ഭക്ഷണം പോലുള്ള കാര്യങ്ങൾക്കായുള്ള ചെലവ് കുറയ്‌ക്കേണ്ടി വന്നു. ഒരാഴ്ചയോളം മോട്ടലിൽ കഴിയേണ്ടി വന്നപ്പോൾ, ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ മതിയായ പണമില്ലായിരുന്നുവെന്ന് റിയ indianexpress.com-നോട് പറഞ്ഞു.

“ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് കോംപ്ലിമെന്ററിയായി ബ്രേക്ക്ഫാസ്റ്റ് ലഭിക്കുമായിരുന്നു, പക്ഷേ അത് സാധാരണയായി ഒരു ഓംലെറ്റ് ആയിരുന്നു. ഞാൻ ഒരു സസ്യാഹാരിയായതിനാൽ ബ്രെഡ് മാത്രമായി ആഹാരം. രാവിലെ, ഞാൻ വെണ്ണയോ ജാമോ ഉപയോഗിച്ച് ബ്രെഡ് കഴിക്കുകയും കുറച്ച് ബ്രെഡ് സ്ലൈസുകള്‍ അന്നത്തേക്ക് മുഴുവനായി മാറ്റിവെക്കുകയും ചെയ്യുമായിരുന്നു. പകൽ മുഴുവൻ കോളേജിലായിരിക്കും തിരികെ വന്നശേഷം വൈകുന്നേരം ഞാൻ ആ ബ്രെഡ് സ്ലൈസുകള്‍ കഴിക്കുമായിരുന്നു. അങ്ങനെയാണ് ഏകദേശം ഒരാഴ്ചയോളം ഞാൻ ജീവിച്ചത്," റിയ പറഞ്ഞു.

നിലവിൽ, റിയ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുന്നു. ആ ഫ്ലാറ്റിൽ വാടകയായി പ്രതിമാസം 1200 കനേഡിയൻ ഡോളറാണ് നൽകുന്നത്. എന്നിരുന്നാലും, നോർത്ത് ബേ ഒരു ചെറിയ നഗരമായതിനാലും തൊഴിലവസരങ്ങളുടെ എണ്ണം പരിമിതമായതിനാലും വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അവിടെ പച്ചക്കറികൾക്ക് വില കൂടുതലായതിനാൽ റിയയെപ്പോലുള്ള സസ്യാഹാരി വിദ്യാർത്ഥികൾ ഇപ്പോഴും ബ്രെഡും ധാന്യങ്ങളും പരിപ്പും കഴിച്ചാണ് ജീവിക്കുന്നത്.

'ഞങ്ങളുടെ ഫീസ് തിരികെ നൽകുക'

ഈ പോരാട്ടത്തിൽ റിയ ഒറ്റയ്ക്കല്ല. ഈ അവസ്ഥ നേരിടുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ചിരഞ്‌ജീത്* (ആവശ്യ പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഏറെ സ്വപ്നങ്ങളോടെ ഓഗസ്റ്റിൽ കാനഡയിലെത്തിയയാളാണ്, പഠനത്തിന് ശേഷം അവിടെ സ്ഥിരതാമസമാക്കാനുള്ള ആലോചനയുമായാണ് കാനഡയിലേക്ക് പോയത്. എന്നാൽ “കനേഡിയൻ സർവ്വകലാശാലകളുടെ പിടിപ്പുകേട്” കാരണം ഫീസായി ഈടാക്കിയ പണം തിരികെ ലഭിക്കാനായി കോളേജുമായുള്ള പോരാട്ടത്തിലാണിപ്പോൾ.

നോർത്ത് ബേയിലെ ചില വിദ്യാർത്ഥികൾ അവസരങ്ങളില്ലാത്തതിനാൽ അവരുടെ സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ഫീസ് റീഫണ്ടിനായി കാത്തിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന വിലയിൽ താമസം നൽകണമെന്നും അല്ലെങ്കിൽ ഈ സർവകലാശാലയുടെ മറ്റൊരു കാമ്പസിലേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ സർവകലാശാലകളോട് ആവശ്യപ്പെട്ടിടുണ്ട്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അനുമതി നൽകുക, കൂടാതെ വർക്ക് പെർമിറ്റിനായി ഐആർസിസി നിശ്ചയിച്ച 50 ശതമാനം ക്ലാസ് റൂം ഹാജർ വേണമെന്ന വ്യവസ്ഥയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിരഞ്‌ജീത്തിനെപ്പോലുള്ള ചില വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് ഒരു കിഴിവും കൂടാതെ തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കിട്ടിയാല്‍ അവർക്ക് മറ്റൊരു കോളേജിൽ കൃത്യസമയത്ത് പ്രവേശനം നേടാനാകും. ഒരു കോളേജിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നൽകണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

കുറച്ച് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി റീഫണ്ട് നോട്ടീസ് നൽകിയപ്പോൾ, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റീഫണ്ടിനായി ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇത് ജോലിയില്ലാതെ കുടുങ്ങിയവർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.

ചിരഞ്‌ജീത് ലുധിയാന ആസ്ഥാനമായുള്ള ഒരു കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി, തുടർന്ന് രണ്ട് വർഷം ബാങ്കിൽ ജോലി ചെയ്തു. അമ്മയുടെ മരണത്തെ തുടർന്ന്, അച്ഛൻറെ ജീവിതം കൂടുതൽ സുഗമമാക്കുന്നതിനായി കാനഡയിലേക്ക് കുടിയേറാൻ തീരുമാനിച്ചു. അതിനായുള്ള ശ്രമത്തിലാണ് കാനഡയിൽ പ്രോജക്ട് മാനേജ്‌മെന്റിൽ പിജി സർട്ടിഫിക്കറ്റ് കോഴ്‌സിന് പ്രവേശനം നേടിയത്.

“ഇന്ത്യയിലെ എന്റെ മാസ്റ്റേഴ്‌സിന് ശേഷം ഞാൻ യുപിഎസ്‌സിക്ക് തയ്യാറെടുക്കുകയായിരുന്നു, പക്ഷേ എന്റെ അമ്മ മരിച്ചു. ഉപജീവനത്തിനായി അച്ഛനെ സഹായിക്കാൻ, ഞാൻ ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി. ഞാൻ അവിടെ രണ്ട് വർഷം ജോലി ചെയ്തപ്പോൾ, കാനഡയിൽ വിദ്യാഭ്യാസത്തിന് കൂടുതൽ ഗുണമേന്മയുണ്ടെുന്നും കഠിനാധ്വാനത്തിന് മൂല്യം കൂടുതലാണെന്നും ഉയർന്ന ജീവിത നിലവാരവുമുണ്ടെന്നും ഞാൻ മനസ്സില്ലാക്കി. ജീവിതം കെട്ടിപ്പടുക്കാൻ കാനഡയിലേക്ക് വരാൻ തീരുമാനിച്ചത് അങ്ങനെയാണ്, ”അദ്ദേഹം indianexpress.com-നോട് പറഞ്ഞു.

ഒരു ഏജന്റിന്റെ സഹായത്തോടെ ചിരഞ്‌ജീത് കാനഡയില്‍ എത്തി. എന്നാൽ ഏജന്റുമാരുടെ ആർത്തിക്കിരയാകരുതെന്ന് ഇരകളാകകരുതെന്ന് സ്വാനുഭവത്തെ അടിസ്ഥാനമാക്കി അദ്ദേഹം കാനഡയിലേക്ക് പോകാനാനാഗ്രഹിക്കുന്നവരോട് ഉപദേശിക്കുന്നു. നിലവിൽ തന്റെ സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ഫീസ് റീഫണ്ടിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളിൽ ഒരാളാണ് ചിരഞ്‌ജീത്, അതേസമയം, തനിക്ക് താങ്ങാനാവുന്ന വിദ്യാഭ്യാസം നൽകാൻ കഴിയുന്ന മറ്റൊരു കനേഡിയൻ സർവ്വകലാശാല കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

“സാധ്യമായ എല്ലാ വഴികളിലും എന്നെ സഹായിക്കുന്ന ഒരു സുഹൃത്തിനൊപ്പമാണ് ഞാൻ ഇപ്പോൾ ബ്രാംപ്ടണിൽ താമസിക്കുന്നത്. എന്റെ ആദ്യത്തെ മോശം അനുഭവത്തിന് ശേഷം, ഞാൻ എന്റെ ഇന്ത്യൻ ഏജന്റിനെ സമീപിച്ചു. സർവകലാശാല മറ്റെന്തെങ്കിലും ബദൽ സംവിധാനം നൽകുന്നത് വരെ, കാത്തിരിക്കാൻ എന്നിൽ സമ്മർദ്ദം ചെലുത്താനാണ് അവർ ശ്രമിച്ചത്. അവരുടെ ഉദ്ദേശ്യം എന്നെ സഹായിക്കാനല്ല, മറിച്ച് സർവകലാശാലയിൽ നിന്നുള്ള കമ്മീഷൻ നഷ്ടപ്പെടാതിരിക്കാനാണ്,” അദ്ദേഹം പറഞ്ഞു.

മറ്റു പലരെയും പോലെ, ചിരഞ്‌ജീതും ഇപ്പോൾ മറ്റേതെങ്കിലും കനേഡിയൻ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടുന്നതിനായി നേരിട്ട് അന്വേഷിക്കുകയാണ്. “ഞാൻ കാനഡയിലെ ചില ഏജന്റുമാരെയും സമീപിച്ചിട്ടുണ്ട്. അവർ എനിക്ക് കൂടുതൽ ചെലവ് വരുന്നതും അവർക്ക് ലാഭകരവുമായ പരിഹാരങ്ങളാണ് പറയുന്നത്. നിങ്ങൾ സ്വയം അന്വേഷണം നടത്തിയില്ലെങ്കിൽ, സഹായത്തിന്റെ പേരിൽ അവർ നിങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നത് തുടരും,” അദ്ദേഹം കാനഡയിൽ ഭാവി കെട്ടിപ്പടുക്കാൻ സ്വപ്നം കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടയിൽ ചിരഞ്‌ജീതിന് സെപ്‌റ്റംബറിലെ പ്രവേശനവും നഷ്‌ടമായി. പക്ഷേ അടുത്ത തവണ എവിടെയെങ്കിലും പ്രവേശനം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഇപ്പോഴും പ്രതീക്ഷയോടെ കഴിയുമ്പോഴും, ചില വിദ്യാർത്ഥികൾ ഇപ്പോൾ ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയതിൽ ഖേദിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ നോക്കാം

മൻജോത്തിനെപ്പോലുള്ള (ആവശ്യ പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഇന്ത്യൻ വിദ്യാർത്ഥികൾ മറ്റ് കുടിയേറ്റക്കാരോട് സൗഹാർദ്ദപരമായി ഇടപെടുന്ന രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത് സാധ്യതയായി കരുതുന്നു. “ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിലവിലെ രാഷ്ട്രീയ അന്തരീക്ഷവും കാനഡയിലെ സ്ഥിതിയും കണക്കിലെടുക്കുമ്പോൾ, ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ ഇന്ത്യക്കാരെ കബളിപ്പിക്കാത്തതും സ്വാഗതം ചെയ്യുന്നതുമായ യൂറോപ്യൻ രാജ്യങ്ങളിലേക്കോ പോകുന്നതോ ആയിരിക്കും നല്ലതെന്ന് ഞാൻ കരുതുന്നു. കാനഡയിൽ വരുന്നതിനുപകരം ന്യൂസിലാൻഡിലേക്ക് അപേക്ഷിക്കാൻ ഞാൻ എന്റെ ഇളയ സഹോദരനോട് പറഞ്ഞിട്ടുണ്ട്, ടൊറന്റോയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് ശേഷം അവിടെ ജോലി കിട്ടുമോ എന്ന് ഞാനും ശ്രമിക്കും,” മൻജോത്ത് പറഞ്ഞു.

മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള ഒരു സർവ്വകലാശാലയിൽ നിന്ന് അടുത്തിടെ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ ഖുഷിക്ക്* (ആവശ്യ പ്രകാരം പേര് മാറ്റിയിരിക്കുന്നു) കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനെ കുറിച്ച് ഉറപ്പില്ല.

ഇപ്പോൾ ഇന്ത്യയിൽ അവധിക്കാലം ആസ്വദിക്കുകയാണ്, ഒക്ടോബർ പകുതിയോടെ കാനഡയിലേക്ക് മടങ്ങും, കനേഡിയൻ പെർമനന്റ് റെസിഡൻസി (പിആർ) പെർമിറ്റിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. എന്നിരുന്നാലും, പിആർ പെർമിറ്റ് ലഭിച്ചുകഴിഞ്ഞാൽ, സാധ്യമാകുമ്പോൾ ഓസ്‌ട്രേലിയയിലേക്ക് മാറാൻ ശ്രമിക്കുമെന്ന് ഖുഷി പറയുന്നു.

“പിആർ ലഭിച്ചതിന് ശേഷം അപേക്ഷകൻ അതേ നഗരത്തിൽ/പ്രവിശ്യയിൽ ഇത്ര സമയം താമസിക്കണം എന്നതിന് ചില നിയമങ്ങളുണ്ട്. ഞാൻ ആ മാനദണ്ഡം പാലിക്കും, തുടർന്ന് ഓസ്‌ട്രേലിയയിൽ ജോലി കണ്ടെത്താൻ ശ്രമിക്കും,” ഖുഷി വ്യക്തമാക്കി.

തൊഴിൽ പ്രതിസന്ധിക്ക് പുറമേ, കാലാവസ്ഥാ സാഹചര്യങ്ങൾ വളരെ കഠിനമായതും കാനഡയിൽ നിന്ന് മാറാൻ ഖുഷിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

“നിങ്ങൾക്ക് ജോലി കണ്ടെത്താൻ ഭാഗ്യമുണ്ടെങ്കിൽ ജോലിക്ക് പോകൽ വളരെയേറെ പ്രതിബന്ധങ്ങൾ ഉള്ളതാകും. ശമ്പളം വെട്ടിക്കുറയ്ക്കലോ, ആരോഗ്യപ്രശ്നങ്ങളോ താങ്ങാൻ കഴിയില്ല, അതിനാൽ മറ്റെവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്,” ഖുഷി വിശദീകരിച്ചു.

Canada Study Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: