തിരുവനന്തപുരം: എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായതോടെ ഫലം പ്രഖ്യാപിക്കാനുളള നടപടികൾ പരീക്ഷാഭവൻ തുടങ്ങിയിട്ടുണ്ട്. ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുളളത്. ജൂൺ 30 നാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോർട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Read Also: എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി ജൂലൈ 10 ന്

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍ എന്നിവ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. വിദ്യാർഥികൾക്ക് എളുപ്പം ഫലം അറിയാനായി സ്‌കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

എസ്എസ്എൽസി ഫലം വന്ന് പത്തു ദിവസത്തിനു ശേഷം ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ 10നാണ് പ്ലസ്ടു, വിഎച്ച്എസ്ഇ അടക്കമുളള ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook