തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി വിദ്യാർഥികളുടെ ആവശ്യപ്രകാരം പുതുക്കി നൽകിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം പരീക്ഷയ്ക്ക് സ്കൂളുകളിലെത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികളാണ് അവരവരുടെ നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തരാനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത്. ഇവർക്ക് പുതുതായി അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ വിവരങ്ങളടങ്ങിയ sslcexam.kerala.gov.in, hscap.kerala.gov.in, vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Read More: എസ്‌എസ്‌എൽസി പരീക്ഷ നടത്താൻ യുഎഇയിലും അനുമതി

പരീക്ഷ കേന്ദ്ര മാറ്റത്തിനായി 11920 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. എസ്എസ്എൽസി 1866, എച്ച്എസ്ഇ 8835, വിഎച്ച്എസ്ഇ 219 എന്നിങ്ങനെയാണ് തരം തിരിച്ചുള്ള കണക്ക്. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലും വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി ലഭിച്ചു.  ഏതെങ്കിലും വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തിയതീകളിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ സേ (സേവ് എ ഇയർ) പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

എസ്എസ്എൽസി, ഹയർ സെകൻഡറി പരീക്ഷകൾ

  • മേയ് 26 മുതൽ 30 വരെയാണ് എസ്എസ്എൽസി, ഹയർ സെകൻഡറി പരീക്ഷകൾ.
  • ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും.
  • കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും.
  • എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും.
  • വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും.
  • അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും.
  • പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർഥികൾ കുളിച്ച് ദേഹം ശുദ്ധിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപ്പെടാൻ പാടുള്ളൂവെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കും. സ്കൂളുകളിൽ സാനിറ്റൈസർ, സോപ്പ് എന്നിവയും ലഭ്യമാക്കും.

Read More: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ; ജൂൺ ഒന്ന് മുതൽ കോളെജുകൾ തുറന്ന് പ്രവർത്തിക്കും

പരീക്ഷ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ പരിഹരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറേക്ടറേറ്റിലും ഓരോ ജില്ലകളിലെയും വിദ്യഭ്യാസ ഉപജില്ലകളിലും നാളെ മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook