തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ എസ്എസ്എൽസി മൂല്യനിർണയം അവസാനിക്കാനാണ് സാധ്യത.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എസ്എസ്എൽസി രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർ കുറവാണ്. അതിനാൽ തന്നെ പതുക്കെയാണ് മൂല്യനിർണയം മുന്നോട്ടു പോകുന്നത്. ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. അതിനു ഒരാഴ്ച സമയം വേണം. ജൂലൈ ആദ്യ ആഴ്ചയിൽ തന്നെ ഫലം പുറത്തുവിടാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
Read Also: ഓൺലെെൻ ക്ലാസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹെെക്കോടതി തള്ളി
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. അതിനുശേഷം അടുത്ത ഘട്ട മൂല്യനിർണയം ആരംഭിക്കുകയായിരുന്നു.
സംസ്ഥാനത്ത് സാധാരണനിലയിലുള്ള അധ്യയനം ജൂലൈ മാസത്തോടെ മാത്രമേ ആരംഭിക്കൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്കൂളുകൾ സാധാരണ രീതിയിൽ തുറക്കൂ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അധ്യയനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ട്രയൽ റൺ ആണ് നടക്കുന്നത്.