തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്നാരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷ നാളെയാണ് ആരംഭിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലുമായി ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.

ഇന്നാരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 29ന് അവസാനിക്കും. ഇന്നു മുതൽ 12വരെ ഉച്ചയ്ക്കു ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചയ്ക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലാണ് പരീക്ഷ. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് പരീക്ഷയെഴുതുന്നത്. ഇവരിൽ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573 പേരും ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627 പേരും  പരീക്ഷയെഴുതുന്നു.

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 26ന് അവസാനിക്കും.  രാവിലെ 9.40 മുതലാണ് പരീക്ഷ. 2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. ഇവരില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 27,000 പേരാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്.

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ഥികളും എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 29 കേന്ദ്രങ്ങളിലായി 257 പേരും പരീക്ഷയെഴുതും. ടിഎച്ച്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് രണ്ട് കേന്ദ്രങ്ങളിലായി 17 വിദ്യാര്‍ഥികളും എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 68 പേരും പരീക്ഷയെഴുതും.

മലപ്പുറം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്. ഇവിടെ 2076 പേരാണ് പരീക്ഷയെഴുതുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.  പരീക്ഷാകേന്ദ്രങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കും. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികള്‍ക്കുമുന്നിലും കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കും. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാനെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.

വിദ്യാര്‍ഥികളെ കൂട്ടംകൂടാനോ പരീക്ഷാ ഹാളിൽ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റം ചെയ്യാനോ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ കുട്ടികൾ പരീക്ഷ എഴുതുന്ന കാര്യം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വിദ്യാര്‍ഥിയും ഇന്‍വിജിലേറ്ററും പിപിഇ കിറ്റ് ധരിക്കണമെന്നും നിർദേശമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് കാരണമാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചത്. വോട്ടെടുപ്പിനു ശേഷം പരീക്ഷ നടത്തണമെന്നായിരുന്നു സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook