തിരുവനന്തപുരം: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ സംസ്ഥാനത്ത് ഒരുക്കങ്ങൾ ആരംഭിച്ചു. കണ്ടെയ്‌ൻമെന്റ് സോണുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റും. പകരം മറ്റൊരു സ്ഥലം നിശ്ചയിക്കും. ഓൺലൈൻ വഴി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം നൽകാനാണ് സാധ്യത.

Read Also: കോവിഡ് കാലത്തെ സൈബർ ആക്രമണങ്ങൾ; കൂടുതൽ കേസുകൾ കേരളത്തിൽ

ഇപ്പോൾ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സേ പരീക്ഷയും റഗുലർ പരീക്ഷയും ഉണ്ടാകും. പരീക്ഷ നടക്കുന്ന സ്‌കൂളുകൾ അണുവിമുക്തമാക്കാൻ ഫയർഫോഴ്‌സിനോട് ആവശ്യപ്പെട്ടു. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകൾ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും എത്തിക്കാനും തീരുമാനമായി. മേയ് 26 നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. അതിനു മുൻപ് പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിരിക്കണമെന്ന് സർക്കാർ നിർദേശം നൽകി.

സംസ്ഥാനത്ത് പതിമൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ് എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ എഴുതുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്എസ്എൽസിക്കുള്ളത്. 2032 എണ്ണം ഹയര്‍ സെക്കന്‍ഡറിക്കും 389 എണ്ണം വിഎച്ച്എസ്‌സിക്കും ഉണ്ട്. ആവശ്യമെങ്കിൽ പരീക്ഷകൾക്ക് പുതിയ കേന്ദ്രങ്ങൾ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

എല്ലാ സ്‌കൂളുകളിലും തെര്‍മൽ സ്‌കാനർ ഉണ്ടാകും. അഞ്ഞൂറിലധികം കുട്ടികളുള്ള സ്‌കൂളുകളിൽ രണ്ട് തെര്‍മൽ സ്‌കാനർ വേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും തെർമൽ സ്‌കാനറുകൾ എത്തിക്കും. പരിശോധനാചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. വിദ്യാർഥികൾക്കുള്ള സാനിറ്റൈസറും മാസ്‌കുകളും അതാത് സ്‌കൂളുകൾ തയ്യാറാക്കണം. സാമൂഹിക അകലം പാലിച്ചുവേണം പരീക്ഷകൾ നടത്താൻ. വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസ് സജ്ജീകരണം സ്‌കൂളുകൾ ഒരുക്കണം. ബസുകൾ കുറവുണ്ടെങ്കിൽ തൊട്ടടുത്തുള്ള സ്‌കൂളിലെ ബസുകൾ ഉപയോഗിക്കാം.

Read Also:ആരോഗ്യസേതു ആപ് നിര്‍ബന്ധം; വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സർക്കാർ ഇന്നലെയാണ് സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയത്. ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. പരീക്ഷ നടത്തണമെന്ന സംസ്ഥാന സർക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ല. പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്കാനിങ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook