തിരുവനന്തപുരം: സംസ്ഥാനം ഇനി പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് നാളെ തുടക്കം. ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ മുതൽ പരീക്ഷയെഴുതുന്നത്.
എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.
ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ രാവിലെ 9.40ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ 9ന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 4,21,977 പേര് സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളുമാണ്.
ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും. 2004 കേന്ദ്രങ്ങളിലായി 4,46,471 പേര് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര് ആണ്‍കുട്ടികളും 2,20,146 പേര് പെണ്‍കുട്ടികളുമാണ്.
ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ഥികളും എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 29 കേന്ദ്രങ്ങളിലായി 257 പേരും പരീക്ഷയെഴുതും. ടിഎച്ച്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് രണ്ട് കേന്ദ്രങ്ങളിലായി 17 വിദ്യാര്‍ഥികളും എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 68 പേരും പരീക്ഷയെഴുതും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നായിരുന്നു സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.