തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്‌എസ്‌എൽസി പരീക്ഷ മേയ് മൂന്നാം വാരം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പ്. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ വേഗം പൂർത്തിയാക്കി വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, എസ്‌എസ്‌എൽസി പരീക്ഷകൾ മേയ് മൂന്നാം വാരം തന്നെ നടത്താമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Read Also: സർക്കാരിനു നല്ല വ്യക്‌തതയുണ്ട്, കോടതിക്ക് കൃത്യമായ മറുപടി നൽകും: നിയമമന്ത്രി

മേയ് മൂന്നിനു രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ അടച്ചുപൂട്ടൽ അവസാനിക്കും. ഇതിനുശേഷം സ്ഥിതി വിലയിരുത്തി പരീക്ഷ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലും കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുണ്ട്. അതിനാൽ അവിടങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പരീക്ഷ നടത്തിപ്പിൽ അന്തിമ തീരുമാനം. നിലവിലെ സാഹചര്യം പരിഗണിച്ച് വിദ്യാർഥികളുടെ സുരക്ഷയ്‌ക്ക് കൂടി പ്രാധാന്യം നൽകിയായിരിക്കും മാറ്റിവച്ച പരീക്ഷകൾ പൂർത്തിയാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു.

എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്. മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ചാൽ മേയ് 11ന് പരീക്ഷ നടത്താനാണ് ആലോചന. 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും. എസ്എസ്എൽസി പരീക്ഷകൾ രാവിലെയും പ്ലസ് ടു പരീക്ഷകൾ ഉച്ചയ്‌ക്കും നടത്താനാണ് ആലോചിക്കുന്നത്. അങ്ങനെ വന്നാൽ വിദ്യാർഥികൾക്ക് സാമൂഹിക അകലം പാലിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പരീക്ഷകൾ നടത്തുക.

Read Also: തല്ലിയും തലോടിയും; കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ അഭിനന്ദിച്ച് ഹെെക്കോടതി

അതേസമയം, സർവകലാശാല പരീക്ഷകൾ മേയ് 11 നു തുടങ്ങണമെന്ന് നിർബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മേയ് 11 നു തുടങ്ങണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്യത്ത് വിമാന സർവീസ് പുനഃസ്ഥാപിക്കാത്തതിനാൽ മേയ് 11 നു പരീക്ഷ ആരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. സർവകലാശാല പരീക്ഷകൾ എഴുതുന്ന പല വിദ്യാർഥികളും ഇപ്പോൾ വിദേശത്താണ്. അവർക്ക് നാട്ടിൽ തിരിച്ചെത്താനുള്ള സമയം വേണ്ടിവരുമെന്നതിനാൽ മേയ് 11 നു പരീക്ഷ ആരംഭിക്കുക പ്രായോഗികമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook