/indian-express-malayalam/media/media_files/uploads/2022/03/sslc-exam-writing.jpg)
Kerala SSLC, Plus Two Exam 2022: പഠിച്ചതുകൊണ്ടു മാത്രം ഞാൻ പരീക്ഷയ്ക്ക് തയ്യാറെടുത്തുവെന്നു കരുതരുത്. പരീക്ഷ എഴുതാനും ചില തയ്യാറെടുപ്പുകൾ വേണം. പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞാൽ പിന്നെ വേണ്ടത് പരീക്ഷ എഴുതാനുള്ള മുന്നൊരുക്കങ്ങളാണ്. ഇത് വീട്ടിൽനിന്നു തന്നെ തുടങ്ങണം. ഹാൾ ടിക്കറ്റ് കൈവശം (പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ബാഗിനുള്ളിലോ മറ്റോ സൂക്ഷിച്ച് വെക്കുക) കരുതുക, പരീക്ഷാ കേന്ദ്രത്തിൽ നേരത്തെ എത്തുക തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. എ.നിർമ്മല.
- ഹാൾ ടിക്കറ്റ് കൈവശം വയ്ക്കുക
പരീക്ഷയുടെ തലേ ദിവസം തന്നെ ഹാൾ ടിക്കറ്റ് എടുത്തു പരീക്ഷയ്ക്ക് കൊണ്ടുപോകുമ്പോൾ പോകുന്ന ബാഗിനുള്ളിൽ സൂക്ഷിച്ച് വയ്ക്കുക. ഹാൾ ടിക്കറ്റിന്റെ ഒരു ഫൊട്ടോകോപ്പി കൂടി കയ്യിൽ വയ്ക്കുന്നത് നല്ലതാണ്. ചില കുട്ടികൾ പരീക്ഷയ്ക്ക് പോകാൻ സമയത്താണ് ഹാൾ ടിക്കറ്റ് തിരയുക. ഇത് സമയനഷ്ടം വരുത്തുക മാത്രമല്ല, അനാവശ്യ ടെൻഷനും ഉണ്ടാക്കും. ഹാൾ ടിക്കറ്റിനു പുറമേ പേന, പെൻസിൽ, എന്നിവ കരുതക. (ഒരേ നിറത്തിലുള്ള മഷിയുള്ള രണ്ട് പേന കരുതുന്നത് നല്ലതാണ് പെൻസിൽ മുന ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.പെൻസിൽ മുന വരുത്താനുള്ള ഷാർപ്പ്നർ, മായ്ക്കുന്നതിനുള്ള ഇറേസർ എന്നിവയും കരുതുന്നത് നല്ലതാണ്) കോവിഡ് കാലമായതിനാൽ മാസ്ക്, സാനിറ്റൈസിർ എന്നിവ ഒപ്പം കരുതുക.
- പരീക്ഷാ ഹാളിൽ 10 മിനിറ്റെങ്കിലും മുൻപേ എത്തുക
പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുൻപ് പരീക്ഷാ ഹാളിൽ ഓടിയെത്തുന്ന ചിലരുണ്ട്. ആ ശീലം നല്ലതല്ല. പരീക്ഷ തുടങ്ങാറായല്ലോ എന്നോർത്ത് ടെൻഷനിലായിരിക്കും കുട്ടി ഓടിയെത്തുന്നത്. ഇത് പഠിച്ചതൊക്കെ ചിലപ്പോൾ മറക്കാൻ ഇടയാക്കും. അതിനാൽ പരീക്ഷയ്ക്ക് ഏറ്റവും കുറഞ്ഞത് 10 മിനിറ്റെങ്കിലും മുൻപ് ഹാളിൽ എത്തുക. മനസിനെ ശാന്തമാക്കാനും അനാവശ്യ ടെൻഷൻ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
- വീട്ടിൽനിന്നും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരവും സമയവും മനസിലാക്കുക
വീട്ടിൽനിന്നും പരീക്ഷാ ഹാളിലേക്ക് എത്ര ദൂരം ഉണ്ടെന്നും അവിടേക്ക് എത്താൻ എത്ര സമയമാണ് വേണ്ടതെന്നും കുട്ടികൾ അറിഞ്ഞിരിക്കണം. പോകുന്ന വഴിയിൽ ട്രാഫിക് സിഗ്നലുകളുണ്ടോയെന്നും അവ കടക്കാൻ എത്ര സമയം വേണ്ടിവരുമെന്നും അറിഞ്ഞിരിക്കണം. ട്രാഫിക് തടസ്സം ഉണ്ടാകാനുള്ള സാധ്യതകൾ എപ്പോഴും പ്രതീക്ഷിക്കണം. ഇക്കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കി യാത്ര ചെയ്താൽ സമയ നഷ്ടം ഉണ്ടാകില്ല. പരീക്ഷയ്ക്കു മുൻപേ തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്താനാകും.
- പരീക്ഷയുടെ തലേ ദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്
ഒരിക്കലും പരീക്ഷയുടെ തലേ ദിവസം ഉറക്കമൊഴിഞ്ഞിരുന്ന് പഠിക്കരുത്. പാഠഭാഗങ്ങളെല്ലാം തലേ ദിവസം പഠിക്കാനായി മാറ്റിവയ്ക്കുകയും അരുത്. പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി ഓർക്കുകയാണ് വേണ്ടത്. മറ്റു ദിവസങ്ങളെക്കാൾ കുറവ് സമയമാണ് പരീക്ഷാ തലേന്ന് പഠിക്കാനായി ചെലഴിക്കേണ്ടത്. കൂടുതൽ സമയം ഇരുന്ന് പഠിക്കുന്നത് പരീക്ഷാ ദിവസം തലവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് പരീക്ഷയെയും ബാധിക്കും. അതിനാൽ പരീക്ഷയുടെ തലേ ദിവസം നന്നായി ഉറങ്ങുക. നല്ല ഉറക്കം ശരീരത്തിനും മനസിനും ഉണർവേകും. നന്നായി പരീക്ഷ എഴുതാനും സഹായിക്കും.
- കഴിഞ്ഞ പരീക്ഷയെ കുറിച്ച് ഓർത്ത് വിഷമിക്കരുത്
ആദ്യ പരീക്ഷകൾ ചിലപ്പോൾ പ്രയാസമുള്ളതായിരിക്കും. എന്നു കരുതി ബാക്കി വരുന്നതെല്ലാം അങ്ങനെയാവണമെന്നില്ല. കഴിഞ്ഞ പരീക്ഷയെക്കുറിച്ച് ഓർത്ത് വിഷമിക്കരുത്. ആ ചോദ്യപേപ്പർ എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ല. ആ ചോദ്യം തെറ്റിപ്പോയി, എനിക്ക് ഇത്ര മാർക്ക് പോയി എന്നൊന്നും ഓർത്ത് നിരാശപ്പെടേണ്ടതില്ല. കഴിഞ്ഞതു കഴിഞ്ഞു, ഇനി അടുത്തതിലേക്ക്. കഴിഞ്ഞ പരീക്ഷ മറന്ന് വരാനുള്ള പരീക്ഷകൾക്കായി തയ്യാറെടുക്കുക.
- പഠിച്ചുവെന്ന് സ്വയം മനസിനെ പഠിപ്പിക്കുക
അയ്യോ, ഞാനൊന്നും പഠിച്ചില്ലല്ലോ എന്ന ചിന്ത വേണ്ട. പരീക്ഷയ്ക്കു പോകുന്നതിനു മുൻപായി ഞാനെല്ലാം പഠിച്ചു, പഠിച്ചുവെന്ന് മനസിനെ പഠിപ്പിക്കുക. ചിലപ്പോൾ കൂട്ടുകാർ ആ പാഠം പഠിച്ചോ, ഇത് പഠിച്ചോ എന്നൊക്കെ ചോദിച്ച് ടെൻഷൻ ഉണ്ടാക്കാം. അതൊന്നും ശ്രദ്ധിക്കാതെ ഞാനെല്ലാം പഠിച്ചുവെന്ന് സ്വയം മനസിനോട് ആവർത്തിച്ച് ആവർത്തിച്ച് പറയുക.
- ധാരാളം വെള്ളം കുടിക്കണം
ചൂടുകാലമായതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിന് ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ഇത് പരീക്ഷ എഴുതുന്നതിനെയും ബാധിക്കും.
Read More: SSLC, Plus Two Exam 2022: പരീക്ഷ: പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.