scorecardresearch

ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയം ജൂണിൽ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി

2021-22 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു

2021-22 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു

author-image
Education Desk
New Update
v shivankutty, ldf, ie malayalam

തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണം ജൂണ്‍ ഒന്നിന് ആരംഭിച്ച് 19 ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി നടത്തും.

Advertisment

എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിർണയം ജൂണ്‍ 7 ന് ആരംഭിച്ച് 25 ന് പൂർത്തിയാക്കും. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അധ്യാപകരേയും റ്റിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനും തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു.

2021-22 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസ്സുകളാണ് ആരംഭിക്കുക. കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യും. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.

Read More: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും

Advertisment

ജൂണ്‍ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിങ് ക്ലാസുകളായിരിക്കും നല്‍കുക. ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണ്ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ്സ് എങ്കില്‍ ഈ വര്‍ഷം സ്കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അധ്യാപകര്‍ സ്കൂളിലെത്തുന്നതും സ്കൂളിലെ ഐ.ടി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്.

അധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളെ വരവേറ്റിരുന്നത് ആഹ്ലാദകരമായ പ്രവേശനോത്സവത്തിലൂടെയായിരുന്നു. എന്നാല്‍ 2020-ല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ നടപടികള്‍ ഡിജിറ്റല്‍ ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പ്രവേശനോത്സവം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടു തലങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 1-ന് രാവിലെ 10 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രോഗ്രാം ആരംഭിക്കും. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് 11 മണി മുതല്‍ സ്കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വല്‍ ആയി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: