scorecardresearch
Latest News

Kerala SSLC, Plus Two Exam 2022: ഇനി ഐടി പരീക്ഷ മാത്രം, പത്താം ക്ലാസ് മൂല്യ നിർണയം മേയ് 12 ന് ആരംഭിക്കും

Kerala SSLC, Plus Two Exam 2022: മേയ് മൂന്ന് മുതൽ 10 വരെ എസ്എസ്എൽസിയുടെ ഐ ടി പരീക്ഷ തീരുമാനിച്ചിരുന്നത്. എന്നാൽ റമദാൻ പൊതു അവധി വന്നതിനാൽ മൂന്നാം തീയതിയിലെ പരീക്ഷ മാറ്റിയിട്ടുണ്ട്

Kerala SSLC, Plus Two Exam 2022: ഇനി ഐടി പരീക്ഷ മാത്രം, പത്താം ക്ലാസ് മൂല്യ നിർണയം മേയ് 12 ന് ആരംഭിക്കും

Kerala SSLC, Plus Two Exam 2022: തിരുവനന്തപുരം: ഈ വർഷത്തെ പത്താംക്ലാസിലെ പൊതുപരീക്ഷയുടെ മൂല്യനിർണ്ണയം ഈ മാസം 12 ന് ആരംഭിക്കുമെന്നറിയുന്നു. 12 ന് ആരംഭിക്കുന്ന മൂല്യ നിർണയം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. മേയ് 27 ഓടെ മൂല്യനിർണയം പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

മേയ് മൂന്ന് മുതൽ 10 വരെ എസ്എസ്എൽസിയുടെ ഐ ടി പരീക്ഷ തീരുമാനിച്ചിരുന്നത്. എന്നാൽ റമദാൻ പൊതു അവധി വന്നതിനാൽ മൂന്നാം തീയതിയിലെ പരീക്ഷ മാറ്റിയിട്ടുണ്ട്. എന്നാൽ മൂല്യനിർണയം തുടങ്ങുന്ന ദിവസം 12 തന്നെയായിരിക്കുമെന്നും അതിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതേസമയം തന്നെ അധ്യാപക പരിശീലന ക്യാമ്പ് നടക്കുന്നത് മൂല്യനിർണയത്തെ ബാധിക്കുമോ എന്ന ആശങ്ക അധ്യാപകർക്കിടയിലുണ്ട്.

ഉത്തര സൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള പ്രവർത്തനം ഏഴിന് തുടങ്ങി പതിനൊന്ന് അവസാനിക്കും തുടർന്നാണ് അടുത്ത ദിവസം മുതൽ മൂല്യനിർണയം തുടങ്ങാനുള്ള സാധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.

ഈ വർഷത്തെ എസ്എസ്എൽസിയിൽ റഗുലർ വിഭാഗത്തിൽ നിന്നും 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

മലയാളം മീഡിയത്തിൽ 1,91, 787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികലും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികലും കന്ന മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് ഉള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിലെ കണക്കുകൾ പറയുന്നു.

Read More: University Announcements 02 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Sslc exam it exam remaining valuation starts on may 12