How to manage ‘cool-off’ time efficiently: എത്ര നന്നായി പഠിച്ചു പോയാലും പരീക്ഷ ഹാളിൽ കയറുമ്പോൾ ടെൻഷൻ അനുഭവിക്കുന്ന വിദ്യാർത്ഥികൾ ഏറെയാണ്. ആ ടെൻഷനും പരിഭ്രമവുമൊക്കെ ഒന്ന് അടങ്ങാനും മനസ്സു ശാന്തമാക്കാനുമാണ് 15 മിനിറ്റ് കൂൾ ഓഫ് ടൈം നൽകുന്നത്. പരീക്ഷാഹാളിലെ കൂൾ ഓഫ് ടൈം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ് പറയുന്നു
പരീക്ഷ ഹാളിൽ എത്തിയാൽ മറ്റു കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിച്ചുകൊണ്ടിരിക്കരുത്. ചിലർ വളരെ ടെൻഷനടിച്ചാവും ഇരിക്കുന്നുണ്ടാവുക, അതേസമയം മറ്റു ചിലർ വളരെ കൂളായി ഇരിക്കുന്നുണ്ടാവും. ഇതു രണ്ടും നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ഒരു പരീക്ഷയ്ക്ക് മുൻപ് ടെൻഷനുണ്ടാവുക സ്വാഭാവികമാണ്, അത് പൊസീറ്റീവ് സ്ട്രസ്സാണ്. നന്നായി പരീക്ഷ എഴുതാനും മാർക്ക് വാങ്ങാനും അതു നിങ്ങളെ പ്രചോദിപ്പിക്കും. പഠിച്ചതു മറന്നുപോവുമോ, പരീക്ഷയെ തോറ്റു പോവുമോ തുടങ്ങിയ ചിന്തകളും മനസ്സിലേക്ക് കടന്നുവന്നേക്കാം. അങ്ങനെ വരുമ്പോൾ മനസ്സിലാക്കുക, അത് വെറും ചിന്തകളാണ്, യാഥാർത്ഥ്യമല്ല. അത് വന്നുപോയ്ക്കോട്ടെ, അത്തരം ചിന്തകൾക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക.
ഉത്തരകടലാസ് കിട്ടിയാൽ ആദ്യം തന്നെ റോൾ നമ്പർ, തീയതി പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. പലരും ടെൻഷൻ കാരണം ഇക്കാര്യങ്ങൾ വിട്ടുപോവാറുണ്ട്.
അതിനു ശേഷം കണ്ണടച്ച് 5 എന്ന് മനസിൽ എണ്ണുന്നവരെ ശ്വാസം അകത്തേക്ക് എടുക്കുക, ഒരു 5 സെക്കന്റ് ശ്വാസം ഹോൾഡ് ചെയ്തതിനു ശേഷം ശ്വാസം പതിയെ പുറത്തേക്ക് വിടുക. ഇങ്ങനെ രണ്ടുമൂന്നു തവണ ആവർത്തിക്കുന്നതുവഴി നിങ്ങളുടെ ബ്രെയിൻ കുറച്ചുകൂടി ആക്റ്റീവ് ആകും. അത് ഓർമ, ശ്രദ്ധ, ആത്മവിശ്വാസം എന്നിവ കൂടാനും ടെൻഷൻ കുറയ്ക്കാനും സഹായിക്കും. നിങ്ങൾ ദൈവവിശ്വാസിയായ ആളാണെങ്കിൽ ഇഷ്ടദൈവത്തെ പ്രാർത്ഥിക്കുന്നതും അല്ലെങ്കിൽ ‘ഐ ആം ഗുഡ്, എനിക്കിത് ചെയ്യാൻ കഴിയും’ എന്ന് മനസ്സിനൊരു പോസിറ്റീവ് സജഷൻ കൊടുക്കുന്നതും നല്ലതാണ്.

ക്വസ്റ്റ്യൻ പേപ്പർ കിട്ടിയാൽ എല്ലാ ചോദ്യങ്ങളും ആദ്യാവസാനം വായിച്ചു നോക്കുക. എത്ര ചോദ്യങ്ങൾ, എന്തൊക്കെ എഴുതണം, ഓരോ ചോദ്യത്തിനുളള നിർദ്ദേശങ്ങൾ തുടങ്ങിയവയെല്ലാം വായിച്ചു മനസ്സിലാക്കുക.നിങ്ങൾക്കറിയാത്ത ചോദ്യങ്ങളും കൂട്ടത്തിലുണ്ടാവും. അതിനെ കുറിച്ച് ടെൻഷനാവേണ്ട. അറിയാവുന്ന ചോദ്യങ്ങൾ ആദ്യമേ ടിക്ക് ചെയ്തുവയ്ക്കാം. അതുവേണം ആദ്യം എഴുതാൻ. അറിയാത്ത ചോദ്യങ്ങൾ എഴുതാതെ വിടരുത്. പലപ്പോഴും ആദ്യ വായനയിൽ അറിയില്ലെന്നു തോന്നിയാലും രണ്ടാമത്തെ വായനയിൽ നിങ്ങൾക്ക് ചിലപ്പോൾ ആ ഉത്തരം മനസ്സിൽ തെളിഞ്ഞുവന്നേക്കാം. നമ്മുടെ തലച്ചോറിന് മൾട്ടി ടാസ്കിംഗിനുള്ള കപ്പാസിറ്റിയുണ്ട്. മുൻപ് വായിച്ചു മറന്നതാണെങ്കിൽ പതിയെ ഓർമയിൽ തെളിഞ്ഞുവരാനുള്ള സാധ്യതയുണ്ട്.
ഓരോ ചോദ്യവും എത്ര മാർക്കിന്റേതാണ് എന്ന് മനസ്സിലാക്കി അതിനു അനുസരിച്ച് സമയം ക്രമീകരിക്കുക. നിങ്ങൾ പഠിച്ചുവച്ച അഞ്ചു മാർക്ക് ചോദ്യോത്തരത്തിന് ചിലപ്പോൾ ചോദ്യകടലാസിൽ രണ്ട് മാർക്കാവും രേഖപ്പെടുത്തിയിട്ടുണ്ടാവുക. അതിന് അനുസരിച്ച് ഉത്തരം ചുരുക്കിയെഴുതാൻ മറക്കരുത്.
പരീക്ഷയ്ക്ക് തന്നിരിക്കുന്ന സമയപരിധി കാൽക്കുലേറ്റ് ചെയ്ത് ഓരോ ചോദ്യത്തിനും എത്ര സമയം വരെ ചെലവഴിക്കാം എന്നൊരു ഏകദേശ ധാരണ മനസ്സിൽ രൂപപ്പെടുത്തുക. കാരണം സമയക്രമീകരണം പരീക്ഷയിൽ വളരെ പ്രധാനമാണ്. എളുപ്പത്തിലും ഫ്രീയായും പരീക്ഷയെഴുതാൻ നല്ല സമയക്രമീകരണം ഉണ്ടാവേണ്ടതുണ്ട്.
ഉത്തരം എഴുതി തുടങ്ങും മുൻപ് മനസ്സുകൊണ്ട് ഓരോ ചോദ്യത്തിന്റെയും പ്രധാന പോയിന്റുകൾ ഓർത്തെടുക്കാം. മറക്കാതിരിക്കാൻ വേണമെങ്കിൽ ചോദ്യപേപ്പറിൽ അവ മാർക്ക് ചെയ്തിടുകയുമാവാം. പലപ്പോഴും പ്രധാന പോയിന്റുകൾ ഒന്നു വിശദീകരിച്ചാൽ തന്നെ നല്ല രീതിയിൽ നിങ്ങൾക്ക് ഉത്തരം എഴുതാനാവും. അതുപോലെ, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതുപോലെ മാർക്ക് ചെയ്തുവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പരീക്ഷയുടെ നല്ലൊരു ശതമാനം ചോദ്യങ്ങളും നിങ്ങൾ മനസ്സുകൊണ്ട് അറ്റൻഡ് ചെയ്തു കഴിഞ്ഞു എന്നാണ്. വളരെ കൂളായി നിങ്ങൾക്ക് പരീക്ഷ എഴുതി പൂർത്തിയാക്കാൻ സാധിക്കും.