SSLC 2023 Grace Mark: എസ് എസ് എൽ സി/ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി 2023 ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരമാവധി ഗ്രേസ് മാർക്ക് 30 മാർക്കായി നിജപ്പെടുത്തി.
നിലവിലെ രീതിയിൽ അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്കുകൾ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുമ്പോൾ ഗ്രേസ് മാർക്കിലൂടെ അധികമായി ഇൻഡക്സ് മാർക്ക് ലഭിക്കുന്നുവെന്നും ആയതിനാൽ ഗ്രേസ് മാർക്ക് ലഭിച്ചവർ മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുൻപിലെത്തുകയും തന്മൂലം അക്കാദമിക് തലത്തിൽ മുൻപിൽ നിൽക്കുന്ന കുട്ടികൾ പിൻതള്ളപ്പെടുകയും ചെയ്യുന്നതിനാൽ നിലവിലുള്ള ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് പരീക്ഷാ കമ്മീഷണർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും ഏപ്രിൽ 18ന് നടന്ന യോഗത്തിൽ ഗ്രേസ് മാർക്ക് പരിഷ്കരിച്ചിരിക്കുകയാണ്.
2022- 23 അദ്ധ്യയന വർഷം മുതൽ താഴെപ്പറയുന്ന പ്രകാരമായിരിക്കും ഗ്രേസ് മാർക്ക് നൽകുക.
പൊതുവിദ്യഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്ന അക്വാറ്റിക്സ്, അത്ലറ്റിക്സ് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനം വരെ നേടുന്നവർക്ക് 7 മാർക്ക് വീതം ലഭിക്കുന്നതാണ്. 8, 9 ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാന തല സ്കൂൾ കലോത്സവത്തിലോ ശാസ്ത്രഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളയിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേഡ് മാർക്കിനു പരിഗണിക്കമെങ്കിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരിക്കണമെന്നില്ല. പകരം റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്.
ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക്) നൽകുന്നതല്ല.
വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിനാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക് മാത്രമേ നൽകുകയുള്ളൂ.
ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാ ഗ്രേസ് മാർക്ക് സൂചന ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.