കാലടി: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2020-2021 അദ്ധ്യയന വര്‍ഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറല്‍, സാന്‍സ്ക്രിറ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്‍റിംഗ്, മ്യൂറല്‍ പെയിന്‍റിംഗ്, സ്കള്‍പ്ചര്‍ എന്നീ ബിരുദ വിഷയങ്ങളും, ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മ്മയും അന്താരാഷ്ട്ര സ്പാ തെറാപ്പിയും – ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് & സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും നടത്തപ്പെടുക.

മുഖ്യ കേന്ദ്രമായ കാലടിയില്‍ സംസ്‍കൃത വിഷയങ്ങള്‍ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങള്‍ മുഖ്യ വിഷയമായി ത്രിവത്സര ബി.എ. ബിരുദ പ്രോഗ്രാമുകള്‍, പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്കള്‍പ്ചര്‍ വിഷയങ്ങളില്‍ നാലു വര്‍ഷത്തെ ബി.എഫ്.എ. ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം നല്‍കുന്നു. യു.ജി.സി. നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എ.ഇ. സ്കീം) പ്രകാരമാണ് ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

സര്‍വ്വകലാശാലയുടെ തിരുവനന്തപുരം (സംസ്‍കൃതം ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം), പന്മന (സംസ്‍കൃതം വേദാന്തം), ഏറ്റുമാനൂര്‍ (സംസ്‍കൃതം സാഹിത്യം), തുറവൂര്‍ (സംസ്‍കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്‍കൃതം സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്‍കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്‍കൃതം വ്യാകരണം, വേദാന്തം, സാഹിത്യം) എന്നീ പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ സംസ്‍കൃത വിഷയങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. സംസ്‍കൃതം വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കുന്നു.

പ്ളസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രായം 2020 ജൂണ്‍ 1-ന് 22 വയസ്സില്‍ കവിയരുത്.

നൃത്തം, (മോഹിനിയാട്ടം, ഭരതനാട്യം) സംഗീതം, പെയിന്‍റിംഗ്, മ്യൂറല്‍ പെയിന്‍റിംഗ്, സ്കള്‍പ്ചര്‍ എന്നിവ മുഖ്യ വിഷയമായ പ്രോഗ്രാമുകള്‍ക്ക് അഭിരുചിനിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം നല്‍കുന്നത്.

ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ നടക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മ്മ അന്താരാഷ്ട്ര സ്പാ തെറാപ്പി കോഴ്സിലേയ്ക്ക് ശാരീരിക ക്ഷമതയുടെയും ഇന്റര്‍വ്യൂവിന്റെയും മാനദണ്ഡത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സീറ്റുകളുടെ എണ്ണം 20 ആണ്. പ്രായം 17 നും 30 നും ഇടയിലായിരിക്കണം.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ www.ssus.ac.in/ www.ssus.online.org എന്നീ വെബ്‍സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും (എസ്.എസ്.എല്‍.സി, പ്ലസ് ടു) സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂണിയന്‍ ബാങ്കില്‍ 50/- രൂപ അടച്ച ചലാനും (എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ) ഉള്‍പ്പെടെ അതതു കേന്ദ്രങ്ങളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക്/ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രോസ്പെക്ടസും ബാങ്ക് ചലാനും സര്‍വ്വകലാശാലയുടെ www.ssus.ac.in/ www.ssus.online.org എന്നീ വെബ്‍സൈറ്റുകളില്‍ ലഭ്യമാണ്.

അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ആഗസ്ത് 3. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ലഭിക്കേണ്ട അവസാന തീയതി 2020 ആഗസ്ത് 7.

Read more: കുസാറ്റ് പ്രവേശന പരീക്ഷ റദ്ദാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook