ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് 2023 ജനുവരി 22ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 4, 5, 6 തീയതികളിൽ വൈകുന്നേരം 5 മണിക്ക് മുമ്പ് മാറ്റം വരുത്താം. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്. നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.