scorecardresearch
Latest News

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 22-ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്

scholl, children, ie malayalam
ഫയല്‍ ചിത്രം

തിരുവനന്തപുരം: 2023-24 അധ്യയനം ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കെ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിക്കാന്‍ നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരുക്കങ്ങളുടെ ഭാഗമായി ഓഫീസര്‍മാര്‍/സ്കൂള്‍ അധികൃതര്‍ എന്നിവര്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 22-ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ഗതാഗതം, തദ്ദേശസ്വയംഭരണം, ദേവസ്വം, പട്ടികജാതി- പട്ടികവർഗ – പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി തന്നെയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുക. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശദമായി

 • ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ മേയര്‍,
  മുനിസിപ്പല്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍.ഡി.ഡി, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തില്‍ ചേരുന്നതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കൈക്കൊള്ളേണ്ടതും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുമാണ്.
 • സ്കൂള്‍ തലത്തില്‍ പിറ്റിഎ യോഗം ചേര്‍ന്ന് സ്കൂള്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ച 2023 മേയ് 17-ന് മുമ്പായി നടത്തേണ്ടതാണ്. പിറ്റിഎ യോഗത്തില്‍ ഓഫീസര്‍ കഴിയുന്നതും നേരിട്ട് പങ്കെടുക്കേണ്ടതുമാണ്.
 • വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍ഡിഡി, എ ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കൈറ്റ് എന്നീവര്‍ യോഗം ചേര്‍ന്ന് ഓരോ സ്കൂളുകളും ഒരുക്കുന്നത് സംബന്ധിച്ച് പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണം. ഇത് പ്രഥമാധ്യാപക യോഗത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗങ്ങളിലും ചര്‍ച്ച ചെയ്യണം.
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലാ ടീം ഓരോ സ്കൂളിലെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അനുയോജ്യമായ ഇടപെടലുകള്‍ നടത്തണം.
 • സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ മെയ് 27-നകം പൂര്‍ത്തിയാക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികള്‍ കഴിയുന്നതും പെയിന്‍റ് ചെയ്ത് മനോഹരമായി കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമാക്കേണ്ടതാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം നടത്തേണ്ടതാണ് സ്കൂളും പരിസരവും, ക്ലാസ്സ്മുറികള്‍, ടോയ്ലറ്റ്, കുട്ടികള്‍ പെരുമാറുന്ന മറ്റ് സ്ഥലങ്ങള്‍ ഇവ വൃത്തിയാക്കുകയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്.
 • സ്കൂളുകള്‍ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാല്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കേണ്ടതാണ്. നിര്‍മ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്കൂള്‍ പ്രവര്‍ത്തനത്തിന് തടസമാകരുത്.
 • കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
 • വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലങ്ങളില്‍ ആവശ്യമായ യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്. സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.റ്റി.എ എക്സിക്യൂട്ടീവ് യോഗം, ക്ലാസ് പി.റ്റി.എ എന്നിവ ചേരേണ്ടതാണ്. കുട്ടികളുടെ പഠനസമയത്തിന് തടസം വരാത്ത രീതിയില്‍ സഹ അധ്യാപകര്‍ പ്രധാനാധ്യാപകന്‍റെ സ്കൂള്‍ സംബന്ധമായ ജോലികളില്‍ സഹായിക്കേണ്ടതാണ്.
 • കെ.എസ്.ആര്‍.ടി.സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ്, പോലീസ്, കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, വനിതാ ശിശുവികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍തല യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
 • സ്കൂള്‍ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതത് സ്കൂളുകള്‍ സൗകര്യം ഒരുക്കേണ്ടതാണ്. റോഡരികിലും മറ്റും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ പോലീസുമായി ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
 • വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സ്കൂള്‍ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ പ്രധാനാദ്ധ്യാപകന്‍ കൈക്കൊള്ളേണ്ടതാണ്.
 • വിദ്യാലയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുവാന്‍ ട്രാഫിക് പോലീസിന്‍റെ സേവനം തേടേണ്ടതാണ്. സ്കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്‍റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
 • കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി.
  പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടേണ്ടതാണ്.
 • സ്കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തുന്നതിനും, നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനും എക്സൈസ്/പോലീസ് വകുപ്പുകളുടെ സേവനം തേടേണ്ടതാണ്.
 • ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനജാഗ്രത സമിതികള്‍ രൂപികരിച്ചിരുന്നു. ലഹരിമുക്ത ക്യാമ്പസായി പ്രഖ്യാപിക്കുന്നതിന് സമിതികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതും, കാലികപ്രസക്തമായ പരിപാടികള്‍ ആലോചിച്ച് നടപ്പിലാക്കേണ്ടതുമാണ്.
 • ക്ലാസുകള്‍ തുടങ്ങിയ ശേഷം കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ നിശ്ചിതസമയം കഴിഞ്ഞും എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കേണ്ടതും, വീട്ടില്‍ നിന്ന് കുട്ടി സ്കൂളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമാവുകയാണെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കുന്നതിന് ക്ലാസ്സ് ടീച്ചറെ ചുമതലപ്പെടുത്തേണ്ടതാണ്.
 • കുട്ടികളിലെ പഠന സമയത്തിനു തടസ്സം വരുന്ന രീതിയില്‍ പി.റ്റി.എ യോഗങ്ങള്‍ എസ്.ആര്‍.ജി യോഗങ്ങള്‍, സ്റ്റാഫ് മീറ്റിംഗുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാതിരിക്കാനും സല്‍ക്കാരങ്ങള്‍ നടത്താതിരിക്കാനും നിര്‍ദേശിക്കുന്നു. സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
 • കൃത്യസമയത്തു തന്നെ അഡ്മിഷന്‍ പൂര്‍ത്തിയാക്കണം. ലാന്‍റ് ഫോണ്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ പരിസരത്തോ, കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈന്‍, സ്റ്റേവയര്‍ മുതലായവ അപകടകരമാം വിധം കാണുകയാണെങ്കില്‍ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
 • സ്കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണ വശാലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
 • സ്കൂള്‍ തലത്തില്‍ നടത്തിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മെയ് 25-നും 31 -നുമിടയില്‍ സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കേണ്ടതും റിപ്പോര്‍ട്ട് ഓരോ ദിവസവും അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
 • ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ബന്ധപ്പെട്ട ആര്‍.ഡി.ഡി/എ.ഡി എന്നിവര്‍ മെയ് 25 നും 31 നുമിടയില്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേണ്ടതുമാണ്
 • ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളില്‍ പ്രധാനാധ്യാപകരുടെ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കേണ്ടതും ഡയറ്റ് ഫാക്കല്‍റ്റി അക്കാര്യത്തില്‍ ഓഫീസര്‍മാരെ സഹായിക്കേണ്ടതുമാണ്. പൊതുവിദ്യാഭ്യാസ ഓഫീസര്‍മാര്‍ അധികാരപരിധിയിലുളള എല്ലാ സ്കൂളുകളും എസ്.എസ്.കെ, ഡയറ്റ് ഫാക്കല്‍റ്റി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ സന്ദര്‍ശിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: School to open on june 1st high level meeting on may 22nd to review