scorecardresearch

സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കം സമയബന്ധിതമായി ഉറപ്പാക്കണം; കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan
പിണറായി വിജയന്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അധ്യനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം, മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളും പരിസരവും വൃത്തിയാക്കണം. പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള ഐടി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ച് അറ്റകുറ്റ പണികള്‍ ആവശ്യമെങ്കില്‍ നടത്തണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം.

സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം. അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ആവിഷ്‌ക്കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കണം.

മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. കുട്ടികള്‍ക്ക് മതിയായ പഠന പിന്തുണ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂളിലെത്തുമെന്ന് ഉറപ്പാക്കണം. കൂടുതല്‍ സ്‌കൂളുകളിലേക്ക് മെന്റര്‍ ടീച്ചര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണം. ഗോത്ര മേഖലകളിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് ആവിഷ്‌ക്കരിച്ച ഗോത്ര സാരഥി പദ്ധതി തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണയ്ക്കായി സമഗ്രശിക്ഷാ കേരളം നടത്തിവന്ന 60 ഊരു വിദ്യാകേന്ദ്രങ്ങള്‍ക്ക് ഇക്കുറി കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാവളണ്ടിയര്‍മാരുടെ സേവനം തുടര്‍ന്നും ഉറപ്പാക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികനസ വകുപ്പ് നടപടി സ്വീകരിക്കണം.

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തി ലഹരി വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് ജില്ലകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: School reopening cm gives instruction in high level meeting