/indian-express-malayalam/media/media_files/uploads/2021/05/Supreme-Court-2-1.jpg)
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എക്‌സാം (ഗേറ്റ്) മാറ്റിവയ്ക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ ഫെബ്രുവരി അഞ്ച്, ആറ്, 12, 13 തീയതികളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും.
കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണു പരീക്ഷ മാറ്റിവയ്ക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരീക്ഷ ആരംഭിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് ഹര്‍ജികളില്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
''ഫെബ്രുവരി അഞ്ചിനു നടത്താന്‍ നിശ്ചയിച്ച ഗേറ്റ് പരീക്ഷ 48 മണിക്കൂര്‍ മുമ്പ് മാറ്റിവയ്ക്കുന്നതിനുള്ള അപേക്ഷ അംഗീകരിക്കുന്നതു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അരാജകത്വത്തിനും അനിശ്ചിതത്വത്തിനുമുള്ള പ്രവണത സൃഷ്ടിക്കും. ഭരണഘടനയുടെ അനുച്‌ഛേദം 32 പ്രകാരമുള്ള അധികാരപരിധിയനുസരിച്ച്, പരീക്ഷ നടത്താന്‍ തീരുമാനമെടുത്ത റെഗുലേറ്ററി അധികാരികളുടെ ചുമതലകളും പ്രവര്‍ത്തനങ്ങളും മറികടക്കാന്‍ വലിയ കാരണങ്ങളൊന്നും കോടതി കാണുന്നില്ല,'' ബെഞ്ച് പറഞ്ഞു.
Also Read: ഡിജിറ്റൽ സർവകലാശാല: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്സഹായകമാകും
പരീക്ഷ എപ്പോള്‍ നടത്തണമെന്നത് അക്കാദമിക് നയത്തിന്റെ കാര്യമാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. ഒമ്പത് ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനുണ്ടെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 20,000 വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പിട്ടിട്ടുള്ളതെന്നും കോടതി പരാമര്‍ശിച്ചു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണെന്നും പരീക്ഷ മാറ്റിവച്ച് വിദ്യാര്‍ത്ഥികളുടെ കരിയര്‍ അവതാളത്തിലാക്കാന്‍ കോടതിക്കു കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഗേറ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി അനുവദിച്ചത്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും പ്രതിദിന കേസുകള്‍ മൂന്നു ലക്ഷത്തിലേറെയാണെന്നും ഹരജിക്കാര്‍ വാദിച്ചു. 200 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണു പരീക്ഷയെഴുതുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില വിലയിരുത്താന്‍ ഐഐടി ഖരഗ്പൂര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.