ന്യൂഡല്‍ഹി: പ്ലസ് ടു വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ രണ്ടാഴ്ചക്കകം തയാറാക്കാന്‍ സുപ്രിം കോടതി സിബിഎസ്ഇ, സിഐസിഎസ്ഇ എന്നീ ബോര്‍ഡുകളോട് ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷകൾ സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.
ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോടും സിഐസിഎസ്ഇക്ക് വേണ്ടി ഹാജരായ അഡ്വ. ജെ.കെ. ദാസിനോടും രണ്ടാഴ്ചക്കുള്ളില്‍ മാനദണ്ഡങ്ങള്‍ രേഖാമൂലം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
സിബിഎസ്ഇയ്ക്ക് മാനദണ്ഡങ്ങള്‍ തയാറാക്കുന്നതിന് സമയം ആവശ്യമാണെന്നും രണ്ടാഴ്ചയെങ്കിലും വാദം നീട്ടി വയ്ക്കണമെന്നും അറ്റോണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. വിദഗ്ധരുമായി ആലോചിച്ച് നടപടിയെടുക്കുന്നതിനായി സിഐഎസ്സിഇയ്ക്ക് മൂന്ന് മുതല്‍ നാലാഴ്ച വരെ വേണമെന്ന് അഡ്വ. ദാസും കോടതിയെ അറിയിച്ചു. എന്നാല്‍ നാലാഴ്ച അധികമാണെന്നും വിദ്യാര്‍ഥികള്‍ക്ക് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതിനാല്‍ രണ്ടാഴ്ചക്കകം തന്നെ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Also Read: സിബിഎസ്ഇ, ഐസിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി
മൂല്യനിര്‍ണയ രീതിയെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ ഫലം കൃത്യസമയത്ത് പ്രഖ്യാപിക്കാന്‍ സാധിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ഥികളുടേയും താത്പര്യം സംരക്ഷിക്കുമെന്നും ഉറപ്പ് നല്‍കി, കോവിഡ് വ്യാപനം മൂലം പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച മംമ്ത ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാന ബോര്‍ഡുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സിബിഎസ്ഇ മാനദണ്ഡങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം മറ്റ് ബോര്‍ഡുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് കോടതി പറഞ്ഞത്.