പ്രതീക്ഷ സ്‌കോളര്‍ഷിപ്പ്: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു

കേരളത്തിനുള്ളില്‍ മെഡിസിന്‍, എന്‍ജിനീയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്

scholarship, students, ie malayalam

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സാമൂഹിക ഉത്തിരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തിനുള്ളില്‍ മെഡിസിന്‍, എന്‍ജിനീയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇക്കൊല്ലം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞ വര്‍ഷം അര്‍ഹരായവര്‍ക്കു പുറമേയാണിത്. അപേക്ഷാഫോം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഓഫിസുകളില്‍ നിന്നോ www. lifecarehll.com എന്ന എച്ച്എല്‍എല്‍ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. മാനേജര്‍ (എച്ച്ആര്‍), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പറേറ്റ് ആന്‍ഡ് റജിസ്‌ട്രേഡ് ഓഫിസ്, എച്ച്എല്‍എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ 2022 ജനുവരി 31നകം അപേക്ഷകള്‍ ലഭിക്കണം.

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ച് സ്‌കോളര്‍ഷിപ്പു വീതമാണ് നല്‍കുന്നത്. തുക പഠനകാലം മുഴുവന്‍ ലഭിക്കും.

പഠനമികവും സാമ്പത്തിക സ്ഥിതിയും അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌കോളര്‍ഷിപ്പ് കാലയളവില്‍ വര്‍ഷംതോറും പഠനമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

2014ല്‍ തുടക്കമിട്ട പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ, തിരുവനന്തപുരത്തെയും കര്‍ണാടകയിലെ കനഗലയിലെയും നിര്‍ധന കുടുംബങ്ങളില്‍നിന്നു പ്രഫഷനല്‍ ബിരുദ കോഴ്‌സുകള്‍ക്കു പഠിക്കുന്ന മിടുക്കരായ 210 കുട്ടികള്‍ക്ക് 86.20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് എച്ച്എല്‍എല്‍ ഇതുവരെ അനുവദിച്ചത്. എച്ച്എല്‍എല്‍ ജീവനക്കാരുടെ കൂടി പിന്തുണയോടെ മുന്നോട്ടു പോകുന്നതാണ് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി. ഫണ്ട് കണ്ടെത്തുന്നത് ജീവനക്കാരുടെ സംഭാവനകളില്‍നിന്നും കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുമാണ്.

Read More: University Announcements 29 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Pratheeksha scholarship application invited

The moderation of comments is automated and not cleared manually by malayalam.indianexpress.com