തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം ഇന്നു വൈകീട്ട് അഞ്ചിന് അവസാനിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് സമയം നീട്ടി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു.
28 നു ആരംഭിച്ച ട്രയൽ അലോട്മെന്റ് ജൂലൈ 31നു വൈകുന്നേരം 5 മണിവരെ ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാൽ, സെർവർ പരിമിതി കാരണം നിരവധി പേർക്ക് ട്രയൽ അലോട്മെന്റ് പരിശോധിക്കാൻ സാധിച്ചില്ല. അതിനാലാണ് സമയം നീട്ടി നൽകിയത്.
ഏകജാലക സംവിധാനത്തിന്റെ വെബ്സൈറ്റായ www. admission.dge.kerala.gov.in എന്നതിൽ ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്നതിലൂടെ തിരുത്തലുകൾ നടത്താം.
ഓഗസ്റ്റ് നാലിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ജൂലൈ 25 നാണ് അവസാനിച്ചത്.