scorecardresearch
Latest News

പ്ലസ്‌ വൺ ട്രയൽ അലോട്ട്‌മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചു, നാളെ വൈകുന്നേരം വരെ അപേക്ഷകൾ തിരുത്താം

ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് ഇന്നലെ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്ന് മന്ത്രി അറിയിച്ചു

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന പോർട്ടലിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് ഇന്നലെ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്ന് മന്ത്രി അറിയിച്ചു.

ഡാറ്റാ സെന്റർ,ഐ.റ്റി.മിഷൻ, എൻ.ഐ.സി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11.50 മണി വരെ 1,76, 076 പേർ റിസൾട്ട് പരിശോധിക്കുകയും അതിൽ 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിചേർക്കുകയുമുണ്ടായിട്ടുണ്ട്.

അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.

31ന് വൈകുന്നേരം അഞ്ച് മണിവരെയാണ് റിസൾട്ട് പരിശോധിക്കാനാവുക. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്നതിലൂടെ തിരുത്തലുകൾ നടത്താം. തിരുത്തൽ നടത്തി കൺഫർമേഷൻ നൽകുന്നതിനുള്ള സമയവും 31ന് വൈകുന്നേരം അഞ്ച് മണിവരെയാണ്.

സിബിഎസ്ഇ പത്താം ക്ലാസം ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ഓഗസ്റ്റ് നാലിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ജൂലൈ 25 നാണ് അവസാനിച്ചത്.

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എങ്ങനെ അറിയാം?

  • ഫലമറിയാൻ ഏകജാലക സംവിധാനത്തിനുള്ള ഔദ്യോഗിക വെബ്‌സൈറ്റായ www. admission. dge. kerala.gov.in സന്ദര്‍ശിക്കുക.
  • Click for higher secondary എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • Candidate login- sws എന്നതിൽ ലോഗിന്‍ ചെയ്യുക.
  • Trail results ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനില്‍ റിസൾട്ട് തെളിയുന്നതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Plus one trial allotment error resolved student can check result in www admissiondgekeralagovin