തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് അഞ്ച് വരെ ഏകജാലക പ്രവേശനത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. സ്‌കൂള്‍ അധികൃതര്‍ വെരിഫിക്കേഷനിലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കൂ എന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ മേയ് 21 ന് വൈകീട്ട് അഞ്ച് മണിവരെയാണ്. രണ്ടാം ഘട്ട സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി മേയ് 22 ന് വൈകീട്ട് 5 മണിവരെ ആണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച് തിരുത്താം.

മുഖ്യ അലോട്ട്‌മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കും. തുടര്‍ന്ന്, സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

വി.എച്ച്.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook