തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ കൂട്ടാൻ തീരുമാനം. 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും പ്ലസ് വൺ സീറ്റുകളുടെ വർധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താൽക്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും സീറ്റുകൾ വർധിപ്പിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കൻറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി സീറ്റ് വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കൻറി സ്കൂളുകളിലും 20% സീറ്റ് വർധനവ് ഉണ്ടാകും.
പ്ലസ് വണ്‍ പ്രവേശനവിഷയത്തില്‍ ആരും ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ എ പ്ലസുകാരുടെ എണ്ണം അത്രയും ഇല്ല. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചതടക്കം ആകെ പ്ലസ് വണ്‍ സീറ്റുകളുടെ കണക്കെടുത്താല്‍ സീറ്റുകള്‍ മിച്ചമാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഈ വര്‍ഷവും ഒരു പരാതിയുമില്ലാതെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.