തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ എല്ലാ വർഷത്തെയും പോലെ ഓൺലെെൻ ആയി നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത ജിവയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. നിലവിലെ സാഹചര്യത്തിൽ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പ്ലസ് വണിന് സീറ്റുണ്ട്. സിബിഎസ്ഇ ഉൾപ്പടെയുള്ളവ സംബന്ധിച്ച കണക്കുകൾ വന്നശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം തീയതിക്ക് മുമ്പ് സിബിഎസ്ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകൾ സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാനാ​ഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്ലസ് വണിന് സീറ്റുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Read Also: Kerala SSLC Results 2020: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.82 വിജയശതമാനം

പ്ലസ് വൺ പ്രവേശനവും പഠനവും സംബന്ധിച്ച് ഇപ്പോൾ യാതൊരു ആശങ്കയുമില്ല. പ്രവേശന നടപടികൾ ഓൺലെെൻ ആയി തന്നെ നടക്കും. പഠനവും ഓൺലെെനായി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും. നിലവിൽ ഓൺലെെൻ രീതിയിലുള്ള പഠനം നടക്കുന്നുണ്ട്. പ്ലസ് വൺ ക്ലാസുകാർക്കും ആവശ്യമെങ്കിൽ ഇത്തരത്തിലുള്ള പഠന സൗകര്യം ഒരുക്കും. ജൂലൈ രണ്ടു മുതൽ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് റഗുലറായി എഴുതാമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടന്നത്. 98.82 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഈ വർഷം കൂടുതലാണ്. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം.

Read Also: അവരുടെ വിധി അവർ തീരുമാനിക്കും; ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റർ ആകാൻ എൽഡിഎഫില്ലെന്ന് കാനം

വിജയശതമാനം കൂടുതൽ പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കുറവ് കുട്ടികൾ ജയിച്ചത് വയനാട്ടിലാണ്. ഉന്നത പഠനത്തിന് അർഹത നേടിയത് 4,17,101 കുട്ടികൾ. 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനും സാധിച്ചതിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസമന്ത്രി നന്ദി രേഖപ്പെടുത്തി. ഉന്നതവിജയം നേടിയ എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook