തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് അവസാന തീയതി നാളെ 5 മണി വരെ നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.
28 നു ആരംഭിച്ച ട്രയൽ അലോട്മെന്റ് ജൂലൈ 31നു വൈകുന്നേരം 5 മണിവരെ ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാൽ, സെർവർ പരിമിതി കാരണം നിരവധി പേർക്ക് ട്രയൽ അലോട്മെന്റ് പരിശോധിക്കാൻ സാധിച്ചില്ല. നാലേമുക്കാൽ ലക്ഷത്തോളം അപേക്ഷരാണ് ഉള്ളത്.
പരിശോധനയ്ക്കായുള്ള പോർട്ടലിൽ ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകൾ വന്നതിൽ ആദ്യ ദിവസം തടസ്സം നേരിട്ടുവെന്നു ഇന്നലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഈ സൈറ്റ് കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നു.
ട്രയൽ അലോട്ട്മെന്റ് തീയതി നീട്ടി നൽകണമെന്ന ആവശ്യം അന്ന് തന്നെ ഉയർന്നപ്പോൾ വകുപ്പ് അനുകൂല നിലപാട് എടുത്തില്ല. രക്ഷിതാക്കളും വിദ്യാർത്ഥികളും അതോടെ കൂടുതൽ ആശങ്കയിൽ ആവുകയും പോർട്ടലിൽ തിരക്ക് കാരണം പലർക്കും ഇന്നലെയും തടസ്സം നേരിട്ടു. ഇന്ന് സമയം തീരാനിരിക്കെ ആണ് ഒരു ദിവസം കൂടി നീട്ടി നൽകി തീരുമാനം വന്നത്.
ഏകജാലക സംവിധാനത്തിന്റെ വെബ്സൈറ്റായ www. admission.dge.kerala.gov.in എന്നതിൽ ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്നതിലൂടെ തിരുത്തലുകൾ നടത്താം.
ഓഗസ്റ്റ് നാലിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ജൂലൈ 25 നാണ് അവസാനിച്ചത്.
ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എങ്ങനെ അറിയാം?
- ഫലമറിയാൻ ഏകജാലക സംവിധാനത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റായ www. admission.dge.kerala.gov.in സന്ദര്‍ശിക്കുക.
- Click for higher secondary എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Candidate login- sws എന്നതിൽ ലോഗിന്‍ ചെയ്യുക.
- Trail results ക്ലിക്ക് ചെയ്യുക.
- സ്ക്രീനില്‍ റിസൾട്ട് തെളിയും
അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.